ശ്രീലങ്കൻ സംഘത്തിനായി ജാഗ്രതയോടെ കോസ്റ്റൽ പൊലീസ്
text_fieldsമട്ടാഞ്ചേരി: കടൽവഴി പാകിസ്താനിലേക്ക് കടക്കാൻ പതിമൂന്നംഗ ശ്രീലങ്കൻ സംഘം കൊച്ചിയിലെത്തിയിട്ടുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് കൊച്ചി അഴിമുഖത്ത് ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസിെൻറ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. പരിശോധനയിൽ ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ ജോർജ് ലാലിെൻറ നേതൃത്വത്തിൽ രജിസ്ട്രേഷൻ രേഖകളും പെർമിറ്റുമില്ലാത്ത മത്സ്യബന്ധനബോട്ട് പിടികൂടി.
സംശയാസ്പദ സാഹചര്യത്തിൽ മത്സ്യബന്ധന ബോട്ട് കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന് ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ബി. സുനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പട്രോളിങ് സംഘം നടത്തിയ പരിശോധനയിലാണ് 'ലേഡി ഓഫ് മേഴ്സി' എന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്. ബോട്ടിൽ മലയാളികളായ ഏഴുപേരും തമിഴ്നാട് സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. ബോട്ടിന് രജിസ്ട്രേഷൻ രേഖ, പെർമിറ്റ് എന്നിവയില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. ബോട്ട് തുടർനടപടികൾക്ക് മറൈൻ എൻഫോഴ്സ്മെൻറിന് കൈമാറിയതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് 13 അംഗ ശ്രീലങ്കൻ സ്വദേശികൾ കൊച്ചി വഴി പാകിസ്താനിലേക്ക് കടക്കുമെന്ന ഇൻറലിജൻസിന് മുന്നറിയിപ്പ് ലഭിച്ചത്. ശ്രീലങ്കയിൽനിന്ന് അനധികൃതമായി വള്ളങ്ങളിലും ബോട്ടുകളിലും ഇവർ തമിഴ്നാട് തീരത്ത് ഇറങ്ങി അവിടെനിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയെന്നാണ് ഇൻറലിജൻസ് കരുതുന്നത്. കൊച്ചിയിൽനിന്ന് പാകിസ്താൻ ട്രോളറുകളിൽ അവിടേക്ക് പോകുമെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്.
എന്നാൽ, കേരളതീരത്ത് നിരീക്ഷണവും പരിശോധനയും ശക്തമായതിനാൽ പാകിസ്താൻ ട്രോളറുകൾ തീരത്ത് അടുക്കാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ കൊച്ചിയിൽനിന്നുള്ള തമിഴ്നാട് ബോട്ടുകളിലോ തദ്ദേശ ബോട്ടുകളിലോ മത്സ്യത്തൊഴിലാളികൾ എന്ന വ്യാജേന ഉൾക്കടലിൽ കാത്ത് കിടക്കുന്ന പാക് ബോട്ടുകളിൽ കയറിക്കൂടുകയാണ് പദ്ധതിയെന്നാണ് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.