കൊച്ചിൻ സ്മാർട്ട് മിഷൻ റോഡ് നിർമാണക്കരാർ: ഡൽഹി കമ്പനിയെ ഒഴിവാക്കിയത് ഹൈകോടതി ശരിെവച്ചു
text_fieldsകൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായ അഞ്ച് റോഡുകളുടെ നിർമാണച്ചുമതലയിൽനിന്ന് കരാറുകാരായ ഡൽഹി എ.ബി.സി ബിൽഡേഴ്സിനെ ഒഴിവാക്കിയ നടപടി ഹൈകോടതി ശരിെവച്ചു. കെ.ബി. ജേക്കബ് റോഡ്, അമരാവതി റോഡ്, ബെല്ലാർ റോഡ്, റിവർ റോഡ്, കൽവത്തി റോഡ് എന്നിവയുടെ നിർമാണത്തിന് ഇവരുമായി ഉണ്ടാക്കിയ കരാറിൽനിന്ന് ഒഴിവാക്കിയത് ചോദ്യംചെയ്ത് കമ്പനി നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എൻ. നഗരേഷിെൻറ ഉത്തരവ്.
30.31 കോടിയുടെ പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ 2019 ആഗസ്റ്റ് 16നാണ് കരാർ നിലവിൽവന്നത്. എന്നാൽ, ഇക്കാലയളവിൽ കെ.ബി. ജേക്കബ് റോഡ്, ബെല്ലാർ റോഡ് എന്നിവയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്ന് കാട്ടി കമ്പനിയെ ഒഴിവാക്കാൻ കൊച്ചിൻ സ്മാർട്ട് മിഷൻ കത്ത് നൽകി. ഇതിനെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്. നിർമാണത്തിനുള്ള രൂപരേഖ സമയബന്ധിതമായി അംഗീകരിച്ചു നൽകിയില്ല എന്നു തുടങ്ങിയ ന്യായങ്ങളാണ് നിർമാണം വൈകാൻ കാരണമായി ഹരജിയിൽ പറയുന്നത്. എന്നാൽ, കമ്പനി ഉന്നയിക്കുന്ന വാദങ്ങൾ ബാലിശമാണെന്ന് കൊച്ചിൻ സ്മാർട്ട് മിഷൻ അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രോജക്ട് മാനേജരെ നിയമിക്കാനോ മതിയായ യന്ത്രസാമഗ്രികളും തൊഴിലാളികളെയും സൈറ്റുകളിലെത്തിക്കാനോ കമ്പനിക്ക് കഴിഞ്ഞില്ല. 13 സാങ്കേതിക വിദഗ്ധരെ പദ്ധതിയുടെ നിർണായക സ്ഥാനങ്ങളിൽ നിയമിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും വ്യക്തമാക്കി.
നേരത്തേ ഹരജി പരിഗണിക്കവേ റോഡുകളുടെ പണി പൂർത്തിയാക്കാൻ ഒക്ടോബർ 31 വരെ കോടതി സമയം നീട്ടിനൽകി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇൗ സമയത്തിനുള്ളിലും പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.