വാളയാർ പീഡനക്കേസ് പ്രതി മധുവിന്റെ മരണത്തിൽ ദുരൂഹതയെന്ന് പരാതി
text_fieldsകടുങ്ങല്ലൂർ: വാളയാർ ഇരട്ട പീഡനക്കേസ് പ്രതി മധുവിന്റെ (29) മരണത്തിൽ ദുരൂഹതയെന്ന് പരാതി. ഇത് സംബന്ധിച്ച് നാഷണലിസ്റ്റ് പ്രോഗ്രസീവ് മൂവ്മെന്റ് മഹിളാവിഭാഗം സംസ്ഥാന പ്രസിസന്റ് അജിത മുല്ലോത്ത് റൂറൽ എസ്.പിക്ക് പരാതി നൽകി.ജോലി ചെയ്തിരുന്ന എടയാർ വ്യവസായ മേഖലയിലെ കമ്പനി വളപ്പിൽ തൂങ്ങിയ നിലയിലാണ് മധുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കമ്പനി ഉദ്യോഗസ്ഥന്റെ മാനസിക പീഡനങ്ങളെ തുടർന്നാണ് മധു ആത്മഹത്യ ചെയ്തതെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് കുന്നത്തുനാട് സ്വദേശി നിയാസിനെ പ്രേരണാകുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്തായിരുന്നു പ്രേരണയെന്നും പ്രേരണക്ക് പിന്നിലെ ഉന്നതൻ ആരാണെന്നും അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു.
ബിനാനി കമ്പനിയുടെ വിവിധ സാമഗ്രികൾ പൊളിച്ചു മാറ്റാൻ കരാറെടുത്ത കാക്കനാട് ആസ്ഥാനമായ കമ്പനിയിലെ ജീവനക്കാരനാണ് നിയാസ്. കാക്കനാട്ടുള്ള കമ്പനി ബിനാനി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ ചെമ്പുകമ്പി മധു മോഷ്ടിച്ച് വിറ്റുവെന്നാരോപിച്ച് ഇവർ മധുവിനെ ദിവസങ്ങളോളം തടവിൽ പാർപ്പിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നു. ഈ വിവരം അമ്മ, സഹോദരി എന്നിവരെ മധു വിളിച്ചറിയിച്ചിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരികരിച്ചിട്ടുണ്ട്.
ചെമ്പുകമ്പി മോഷണം പോയ സംഭവത്തിൽ പരാതി നൽകാത്തതും ദുരൂഹത ഉയർത്തുന്നതായി പരാതിക്കാർ ആരോപിക്കുന്നു. സമഗ്ര അന്വേഷണത്തിലൂടെ വിറ്റ ചെമ്പു കമ്പികൾ കണ്ടെത്തണമെന്നും വിറ്റു കിട്ടിയെന്നു പറയുന്ന 20 ലക്ഷം രൂപ മധു എന്തുചെയ്തു എന്നത് കണ്ടെത്തണമെന്നും പരാതിയിൽ പറയുന്നു.
കാക്കനാടുള്ള കമ്പനിക്ക് സാമ്പത്തിക സഹായം ചെയ്യുന്നയാളിന്റെ നിർദ്ദേശ പ്രകാരമാണ് മധുവിനെ തടവിൽ പാർപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. നിയാസിന്റെ മൊബൈൽ ഫോണിലേക്ക് വന്ന കോളുകൾ പരിശോധിക്കുക, തടവിൽ പാർപ്പിച്ച ദിവസങ്ങളിൽ പ്രദേശത്തുണ്ടായ ഗുണ്ടാസംഘങ്ങളെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
എടയാർ വ്യവസായ മേഖലയിൽ പൂട്ടിപ്പോയ ബിനാനി സിങ്ക് കമ്പനി വളപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിൽ സീലിങ്ങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഒക്ടോബർ 25 ന് മധുവിനെ കണ്ടത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് അന്നുതന്നെ പീഡനത്തിന് ഇരയായ കുട്ടികളുടെ കുടുബം റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.