വീണ് തലക്ക് പരിക്കേറ്റ വയോധികക്ക് ചികിത്സ നിഷേധിച്ചതായി പരാതി; നാട്ടുകാർ ബഹളംവെച്ചു
text_fieldsമട്ടാഞ്ചേരി: വീണ് തലക്ക് പരിക്കേറ്റ വയോധികക്ക് കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പള്ളുരുത്തി കടേഭാഗം സ്വദേശിനിയായ അസ്മ വീട്ടിൽ കാൽ വഴുതി തലയടിച്ചുവീണത്. പരിക്കേറ്റ അസ്മ അബോധാവസ്ഥയിലായതോടെ വീട്ടുകാർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
എന്നാൽ, അത്യാസന്ന നിലയിലെത്തിയ ഇവരെ പരിശോധിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തയാറായില്ലെന്നാണ് പരാതി. ഇതോടെ രോഗിയെയും കൊണ്ടുവന്നവർ കരച്ചിലായി. ഡ്യൂട്ടി ഡോക്ടർ ഉറങ്ങുകയായിരുെന്നന്നാണ് ഓടിക്കൂടിയ നാട്ടുകാർ ആരോപിക്കുന്നത്. ഡോക്ടറെ വിളിച്ചുണർത്തിയെങ്കിലും തനിക്ക് പരിശോധിക്കാൻ കഴിയില്ലെന്ന് പറഞ്ഞതായി ഇവർ ആരോപിക്കുന്നു.
ഇതോടെ ബഹളമായി. സംഭവം അറിഞ്ഞെത്തിയ പൊലീസുകാരൻ ആവശ്യപ്പെട്ടിട്ടും പ്രാഥമിക ചികിത്സ നൽകാൻപോലും ഡോക്ടർ തയാറായില്ലത്രെ. ഇതോടെ സാമൂഹിക പ്രവർത്തകനായ ഷമീർ വളവത്ത് പാർലമെൻറ് അംഗം ഹൈബി ഈഡനുമായി ബന്ധപ്പെട്ട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരുമണിക്കൂറോളം ആശുപത്രിക്ക് മുന്നിൽ ആംബുലൻസിൽ രോഗിക്ക് കിടക്കേണ്ടിവന്നു. ഡോക്ടറെക്കുറിച്ച് മുമ്പും പരാതികൾ ഉയർന്നിട്ടുള്ളതായാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.