ഇതൊന്ന് മാറ്റിയിടാൻ ആരുമില്ലേ?
text_fieldsസംരക്ഷണ ഭിത്തി കരിങ്കല്ലുകൊണ്ട് പണിതതിനാൽ സ്ലാബുകൾ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. സ്ലാബുകൾ അട്ടിയായി ഇട്ട പ്രദേശമാകെ കാട് കയറി കിടക്കുകയാണ്. അതിനാൽ ഈ ഭാഗത്ത് മാലിന്യ നിക്ഷേപവും വർധിച്ചു
കടുങ്ങല്ലൂർ: പാലം നിർമാണ ശേഷം ഉപേക്ഷിച്ച കോൺക്രീറ്റ് സ്ലാബുകൾ ദുരിതമാകുന്നു. കടുങ്ങല്ലൂർ പഞ്ചായത്തിൽ പെരിയാറിന് കുറുകെയുള്ള പാതാളം സ്ലൂയിസ് ബ്രിഡ്ജ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നിർമിച്ച കോൺക്രീറ്റ് സ്ലാബുകളാണ് 10 വർഷത്തിലേറെയായി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാട് കയറി കിടക്കുന്നത്.
പാലം അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് നിർമിച്ചിട്ടുള്ളതാണിവ. എന്നാൽ, എസ്റ്റിമേറ്റിൽ മാറ്റം വരുത്തി, സംരക്ഷണ ഭിത്തി കരിങ്കല്ലുകൊണ്ട് പണിതതിനാൽ സ്ലാബുകൾ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. സ്ലാബുകൾ അട്ടിയായി ഇട്ട പ്രദേശമാകെ കാട് കയറി കിടക്കുകയാണ്. അതിനാൽ ഈ ഭാഗത്ത് മാലിന്യ നിക്ഷേപവും വർധിച്ചു. ദുർഗന്ധത്തിനും നായ് ശല്യത്തിനും ഇത് ഇടയാക്കിയിട്ടുണ്ട്.
മാലിന്യക്കൂമ്പാരം മാറ്റുന്നത് സംബന്ധിച്ച് സർക്കാർ തലത്തിലുള്ള നിർദേശം ലഭിച്ചതനുസരിച്ച് പലതവണ പഞ്ചായത്ത് മാറ്റാൻ ശ്രമിച്ചെങ്കിലും സ്ലാബുകൾ മൂലം പൂർണമായ ശുചീകരണം സാധ്യമാകുന്നില്ല. ഹൈകോടതി ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാറിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയനുസരിച്ച് 2025 മാർച്ച് 31നകം കടുങ്ങല്ലൂർ പഞ്ചായത്ത് മാലിന്യമുക്തമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.
എന്നാൽ, ഈ സ്ഥലത്തെ മാലിന്യ നിർമാർജനത്തിനും മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും സ്ലാബുകൾ തടസ്സമാണ്. അതിനാൽ സ്ലാബുകൾ ഉടനടി നീക്കം ചെയ്യാൻ അടിയന്തരമായി എറണാകുളം മേജർ ഇറിഗേഷൻ ഡിവിഷൻ (കാക്കനാട്) എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകണമെന്ന് അഭ്യർഥിക്കുന്നതിനും ഇക്കാര്യം ജലവിഭവ മന്ത്രി, ചീഫ് സെക്രട്ടറി, ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ സെക്രട്ടറി, ജില്ല കലക്ടർ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്താനും കടുങ്ങല്ലൂർ പഞ്ചായത്ത് തീരുമാനിച്ചതായി പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.