തൃക്കാക്കര നഗരസഭ ഒാഫിസിൽ സംഘർഷം: ചെയർപേഴ്സനും കൗൺസിലർക്കും പരിക്ക് അധ്യക്ഷയുടെ ചേംബറിൽ വാക്കുതർക്കം
text_fieldsകാക്കനാട്: കൗൺസിൽ യോഗങ്ങളെച്ചൊല്ലിയുള്ള ഏറെനാളായുള്ള തർക്കത്തിനൊടുവിൽ തൃക്കാക്കര നഗരസഭയിൽ സംഘർഷം. നഗരസഭാധ്യക്ഷയും പ്രതിപക്ഷ കൗൺസിലർമാരും തമ്മിലുണ്ടായ വാക്തർക്കത്തിൽ ചെയർപേഴ്സനും മുൻ നഗരസഭ ചെയർപേഴ്സനും പരിക്കേറ്റു. നഗരസഭാധ്യക്ഷ അജിത തങ്കപ്പനും എൽ.ഡി.എഫ് കൗൺസിലറും കഴിഞ്ഞ ഭരണസമിതിയുടെ അധ്യക്ഷയുമായിരുന്ന ഉഷ പ്രവീണിനുമാണ് പരിക്ക്.
തിങ്കളാഴ്ച അധ്യക്ഷയുടെ ചേംബറിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ തങ്ങളുടെ വാർഡുകളിലെ പദ്ധതികൾ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് കൗൺസിലർമാർ ചേംബറിലേക്ക് കയറുകയായിരുന്നു.
വാദപ്രതിവാദം രൂക്ഷമായതോടെ സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് അജിത പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ എൽ.ഡി.എഫ് അംഗങ്ങളായ അജുന ഹാഷിം സുമയും ഉഷ പ്രവീണും ചേർന്ന് തടയാൻ ശ്രമിച്ചു. തുടർന്ന് ബലം പ്രയോഗിച്ച് വാതിൽ വലിച്ചു തുറക്കാനുള്ള ശ്രമത്തിനിടെയുണ്ടായ പിടിവലിക്കിടെ അജിതക്കും വാതിൽ ശക്തിയായി കൈയിൽ ഇടിച്ചതിനെത്തുടർന്ന് ഉഷക്കും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഉഷയെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓൺലൈൻവഴി കൗൺസിൽ യോഗം ചേർന്നത്. 59 അജണ്ടകളായിരുന്നു യോഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. യോഗത്തിൽനിന്ന് 18 എൽ.ഡി.എഫ് കൗൺസിലർമാരും കോൺഗ്രസ് എ ഗ്രൂപ്പിലെ ഏതാനും കൗൺസിലർമാരും വിട്ടുനിന്നു.
കഴിഞ്ഞ ദിവസം യോഗമിനിറ്റ്സ് ലഭിച്ചപ്പോഴാണ് തങ്ങളുടെ വാർഡുകളിലെ പദ്ധതികൾ പാസാക്കിയിട്ടില്ലെന്ന് എൽ.ഡി.എഫ് അംഗങ്ങൾ മനസ്സിലാക്കിയത്. തുടർന്ന് നഗരസഭയിലെത്തി അധ്യക്ഷയോട് വിശദീകരണം തേടുകയായിരുന്നു.
യോഗത്തിൽ പങ്കെടുക്കാതിരുന്നതുകൊണ്ടാണ് പദ്ധതികൾ പാസാക്കാതിരുന്നതെന്നാണ് ഇതുസംബന്ധിച്ച് അധ്യക്ഷ പറഞ്ഞതെന്നും അതേസമയം വിട്ടുനിന്ന കോൺഗ്രസ് കൗൺസിലർമാരുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.
ദേഷ്യപ്പെട്ട് ചേംബറിൽനിന്ന് ഇറങ്ങിപ്പോകുന്നതിനിടെ മുന്നിൽനിന്നിരുന്ന തന്നെ വാതിലിനുനേരെ പിടിച്ച് തള്ളുകയായിരുന്നുവെന്നും പൊലീസിൽ പരാതി നൽകുമെന്നും ഉഷ വ്യക്തമാക്കി.അതേസമയം പൊതുമരാമത്ത് സ്ഥിരംസമിതിയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് പദ്ധതികൾ ഒഴിവാക്കിയതെന്നും തേൻറതടക്കം വാർഡുകളിലെ പദ്ധതികൾ മാറ്റിവെച്ചിട്ടുണ്ടെന്നും ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു.
പൊലീസിന് നഗരസഭ നോട്ടീസ്
എൽ.ഡി.എഫിെൻറ തരംതാണ പ്രതിഷേധങ്ങൾക്ക് വഴങ്ങാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് ഇറങ്ങിപ്പോയത്. വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ തനിക്കാണ് പരിക്കേറ്റതെന്നും തന്നെ ആക്രമിക്കാൻ ശ്രമിച്ചതിന് കൗൺസിലർമാരായ എം.ജെ. ഡിക്സൺ, പി.സി. മനൂപ് എന്നിവർക്കെതിരെ പരാതി നൽകുമെന്നും അവർ പറഞ്ഞു.
കാക്കനാട്: തൃക്കാക്കര പൊലീസിനെതിരെ തൃക്കാക്കര നഗരസഭയുടെ വക്കീൽ നോട്ടീസ്. നഗരസഭയിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിൽ വീഴ്ചവെന്നന്നാരോപിച്ചാണ് നോട്ടീസ് അയച്ചത്.
കോവിഡ് പ്രതിസന്ധിക്കിടയിലും നഗരസഭയിൽ പ്രതിഷേധസമരങ്ങളുടെ പരമ്പരകൾതന്നെ നടന്നതോടെ കഴിഞ്ഞ മാസമാണ് ഹൈകോടതി ഇടപെട്ട് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. എന്നാൽ, കഴിഞ്ഞ നാല് ദിവസമായി പൊലീസ് സാന്നിധ്യം ഇല്ലന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ അഭിഭാഷകൻ മുന്നറിയിപ്പ് നോട്ടീസ് അയച്ചത്. ഇനിയും സുരക്ഷ ഒരുക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നിയമനടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.