ചെല്ലാനം ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണം അവസാനഘട്ടത്തിൽ
text_fieldsചെല്ലാനം: കടല്‍ക്ഷോഭത്തില്‍നിന്ന് ചെല്ലാനത്തിന് സംരക്ഷണം തീര്‍ക്കുന്ന ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിണം അവസാനഘട്ടത്തിലേക്ക്. 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് ബീച്ച് വരെയുള്ള 7.32 കിലോമീറ്റര്‍ ദൂരത്തിലെ ആദ്യഘട്ടമാണ് പൂര്‍ത്തിയാകുന്നത്.
വാക് വേയുടെ നിർമാണവും ബസാര്‍ ഭാഗത്തെ ആറ് പുലിമുട്ടുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. കണ്ണമാലി പ്രദേശം ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ടം. ഈ പദ്ധതിക്കായി രണ്ടുടണ്‍ ഭാരമുള്ള 60,982 ടെട്രാപോഡുകളും 3.5 ടണ്ണുള്ള 53,053 ടെട്രാപോഡുകളും അഞ്ച് ടണ്ണുള്ള 7,602 ടെട്രാപോഡുകളുമാണ് വേണ്ടിവരുന്നത്. ഇതില്‍ രണ്ട് ടണ്ണിന്റെ 60,866, 3.5 ടണ്ണിന്റെ 51,725, അഞ്ച് ടണ്ണിന്റെ 4,436 ടെട്രാപോഡുകളും നിര്‍മിച്ചു. ബാക്കിയുള്ളവയുടെ നിര്‍മാണം മാർച്ചിൽ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്.
നിർമാണം പൂർത്തിയാക്കിയ പ്രദേശങ്ങളിൽ കടൽക്ഷോഭത്തെ പ്രതിരോധിക്കാനായിട്ടുണ്ട്. മഴക്കാലത്ത് ആരെയും മാറ്റിപ്പാർപ്പിക്കേണ്ടിയും വന്നില്ല.2022 ജനുവരി 25നാണ് ചെല്ലാനത്തേക്കുള്ള ടെട്രാപോഡുകളുടെ നിര്‍മാണം ആരംഭിച്ചത്. 2022 ജൂണ്‍ 11ന് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ തീരസംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
ചെല്ലാനത്തെ രൂക്ഷമായ കടലാക്രമണം പ്രതിരോധിക്കുന്നതിനാണ് കിഫ്ബി സഹായത്തോടെ ടെട്രാപോഡ് ഉപയോഗിച്ച് 344.20 കോടിയുടെ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. 331 കോടി ചെലവുവരുന്ന പദ്ധതിയുടെ നിര്‍മാണം നിര്‍വഹണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ്.ചെന്നൈ ആസ്ഥാനമായ നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ തീരസംരക്ഷണത്തിനായി നടപ്പാക്കപ്പെടുന്ന 5300 കോടിയുടെ ബൃഹദ് പദ്ധതിയുടെ ഭാഗമാണ് ചെല്ലാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.