ഉയരപ്പാത നിർമാണം: വാഹനങ്ങൾ വഴിതിരിച്ചുവിട്ടു; കുരുക്കിലമർന്ന് പെരുമ്പടപ്പ്
text_fieldsപള്ളുരുത്തി: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ തുറവൂർ-എഴുപുന്ന വഴി കുമ്പളങ്ങി പാലത്തിലൂടെ കടത്തിവിടുന്നതോടെ തിരക്കിലമർന്ന് പെരുമ്പടപ്പ്, കുമ്പളങ്ങി നിവാസികൾ. താരതമ്യേന വീതി കുറഞ്ഞ റോഡിലൂടെ വാഹനങ്ങൾ നിയന്ത്രണമില്ലാതെ എത്തിയതോടെ യാത്ര ദുരിതപൂർണമായി.
ഗതാഗതക്കുരുക്ക് വർധിച്ചതോടെ കൃത്യസമയത്ത് കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയുന്നില്ല. തൊഴിലാളികളും ഉദ്യോഗസ്ഥരും വാഹനക്കുരുക്കിൽ വലയുകയാണ്. ആലപ്പുഴയിൽനിന്ന് വരുന്ന വാഹനങ്ങൾ കടത്തിവിടാൻ കുമ്പളങ്ങി-പെരുമ്പടപ്പ് റോഡ് തെരെഞ്ഞെടുത്ത ഘട്ടത്തിൽ തന്നെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കാറുകൾ ഉൾപ്പെടെ വാഹനങ്ങൾ കണ്ടക്കടവ് റോഡ് വഴി തിരിച്ചുവിട്ട് പെരുമ്പടപ്പ് -കുമ്പളങ്ങി റോഡിലെ തിരക്ക് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും അധികൃതർ അംഗീകരിച്ചില്ല.
ഗതാഗതക്കുരുക്കിനെ തുടർന്ന് സ്വകാര്യ ബസ് ഉടമകൾ വലിയ പ്രതിസന്ധിയിലാണ്. സമയനഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ സർവീസ് നടത്തുക ബുദ്ധിമുട്ടാണെന്ന് ബസ് ഉടമകൾ പറയുന്നു. ഉയരപ്പാത നിർമാണം നടക്കുന്നതിന് സമീപത്തെ സർവീസ് റോഡ് ഗതാഗതയോഗ്യമാക്കി അതിലൂടെ വാഹനങ്ങൾ തിരിച്ചുവിടണമെന്നും പ്രശ്ന പരിഹാരമില്ലെങ്കിൽ സർവീസ് നിർത്തിവെക്കേണ്ടി വരുമെന്ന് ബസുടമ സംഘം ഭാരവാഹി രാമപടിയാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.