ആർ.ഡി.ഒ ഇടപടൽ ഫലം കണ്ടു; കരുമാല്ലൂരിലെ വിവാദ ഹോട്ടൽ പൊളിച്ചുനീക്കി
text_fieldsകരുമാല്ലൂർ: പാടശേഖരം നികത്തി ചെറുകിട വ്യവസായ ലൈസൻസിന്റെ മറവിൽ തട്ടാംപടി ഷാപ്പുപടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന വയലോരം എന്ന ഹോട്ടൽ പൊളിച്ചുനീക്കി. ആർ.ഡി.ഒ നോട്ടീസ് നൽകി രണ്ട് ദിവസത്തിനുശേഷമാണ് പൊളിച്ചു തുടങ്ങിയത്.
കലക്ടറുടെ ഉത്തരവ് പാലിക്കാതെ ഹോട്ടൽ പ്രവർത്തനം തുടരുന്നതായി കണ്ടെത്തിയതോടെ കൈയേറ്റം പൊളിച്ചു നീക്കാൻ ആർ.ഡി.ഒയെ ചുമതലപ്പെടുത്തുകയായിരുന്നു. പറവൂർ ഭൂരേഖ തഹസിൽദാർ ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം പൊളിച്ചു മാറ്റേണ്ട ഭാഗം അളന്നു തിട്ടപ്പെടുത്തി കഴിഞ്ഞ ദിവസം കുറ്റിയടിച്ചിരുന്നു.
നെൽകൃഷി ചെയ്യുന്ന കരുമാല്ലൂർ പാടശേഖരവും തോടും നികത്തി നിർമിച്ച ഹോട്ടൽ ഈ മാസം 24നകം പൊളിച്ചു നീക്കി സ്ഥലം പൂർവസ്ഥിതിയിൽ ആക്കണമെന്ന് കാണിച്ച് കലക്ടർ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.
ഉടമ സ്വയം പൊളിച്ചില്ലെങ്കിൽ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും അതിന് ചെലവായ തുക സ്ഥലം ഉടമയുടെ പക്കൽനിന്ന് റവന്യൂ റിക്കവറി നടത്തി ഈടാക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു.
നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചാണ് നിർമാണം നടന്നിരിക്കുന്നതെന്നും ഹോട്ടൽ നിൽക്കുന്ന സ്ഥലം ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ഹിയറിങ് ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാണ് പൊളിച്ചു നീക്കാൻ ഉത്തരവിറക്കിയത്. അനധികൃതമായി സമ്പാദിച്ച എം.എസ്.എം.ഇ ലൈസൻസ് വ്യവസായ വകുപ്പും റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.