പണിതിട്ടും പണിതിട്ടും തീരാത്തൊരു കോർപറേഷൻ മന്ദിരം...
text_fieldsകൊച്ചി: 18 വർഷത്തിനിടെ കൊച്ചി നഗരത്തിൽ എത്ര കെട്ടിടങ്ങൾ പുതുതായി ഉയർന്നുപൊങ്ങിയിട്ടുണ്ടാകും. നിരവധി വ്യാവസായിക, വാണിജ്യ കേന്ദ്രങ്ങളും ഫ്ലാറ്റുകളുമൊക്കെ ഇക്കാലയളവിൽ പണി പൂർത്തീകരിച്ച് പ്രവർത്തനങ്ങളാരംഭിച്ചപ്പോഴും എങ്ങുമെത്താതെ കിടക്കുന്നൊരു മന്ദിരമുണ്ട്; നഗരഹൃദയത്തിൽ -ഹൈകോർട്ട് ജങ്ഷന് സമീപം 2005ൽ തറക്കല്ലിട്ട കൊച്ചി കോർപറേഷന്റെ ആസ്ഥാന മന്ദിരം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. കാലമിത്ര പിന്നിട്ടിട്ടും കെട്ടിടം നിർമാണം പൂർത്തിയായിട്ടില്ല. മാത്രമല്ല, ഇനിയും കോടികളുണ്ടെങ്കിൽ മാത്രമേ പണി പൂർത്തിയാക്കാനാകൂവെന്നാണ് അധികൃതരുടെ വിശദീകരണം.
ഇപ്പോൾ പാർക്ക് അവന്യൂ റോഡിൽ പ്രവർത്തിക്കുന്ന പഴയ കെട്ടിടം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ശ്വാസംമുട്ടുകയാണ്. 2005ൽ തറക്കല്ലിടുമ്പോൾ കോർപറേഷനിൽ ഇടതുമുന്നണി ഭരണസമിതിയായിരുന്നു. 12.70 കോടിയാണ് അന്ന് നിർമാണ പ്രവർത്തനത്തിന് വകയിരുത്തിയത്. നാളിതുവരെ 20.35 കോടി ചെലവാക്കുകയും ചെയ്തു. എന്നിട്ടും കോർപറേഷൻ ആസ്ഥാന മന്ദിരത്തിന്റെ പണി പൂർത്തിയായിട്ടില്ല. 18 വർഷമായി ഇഴയുന്ന ജോലികൾ പൂർത്തിയാക്കാൻ 30 കോടി രൂപകൂടി വേണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 12.70 കോടി എസ്റ്റിമേറ്റ് ചെയ്ത് പണി ആരംഭിച്ച കെട്ടിടത്തിന്റെ കരാറുകാർക്ക് നാളിതുവരെ 18.96 കോടി നൽകിയതായും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ ലഭിച്ച മറുപടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതായത് എസ്റ്റിമേറ്റ് ചെയ്തതിനേക്കാൾ നാലിരട്ടി തുക. എന്നിട്ടും ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടേണ്ട പദ്ധതി കാലങ്ങളായുള്ള അനാസ്ഥമൂലം നീണ്ടുപോയിക്കൊണ്ടേയിരിക്കുന്നു. 60.70 ആർ വിസ്തീർണമുള്ള കോർപറേഷന്റെ സ്വന്തം ഭൂമിയിലാണ് കെട്ടിടനിർമാണം നടക്കുന്നത്. 16535 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 13ന് മേയറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ ആറുമാസത്തിനുള്ളിൽ പ്രധാന ഓഫിസിന്റെ നിർമാണം പൂർത്തിയാക്കാൻ തീരുമാനിച്ചതായും വിവരാവകാശരേഖ വ്യക്തമാക്കുന്നു. പുതിയ ഭരണസമിതി ചുമതലയേറ്റപ്പോൾ കോർപറേഷൻ കെട്ടിടനിർമാണം അടിയന്തിര പ്രാധാന്യത്തോടെ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.