അഴിമതി: ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷനൽ ഓഫിസിൽ പരിശോധന മൂന്നുദിവസംകൂടി
text_fieldsകാക്കനാട്: ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷനൽ ഓഫിസിൽ കൂടുതൽ ക്രമക്കേടുകൾ നടന്നതായി സൂചന. റവന്യൂ വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സ്ക്വാഡിെൻറ പരിശോധനയിലാണ് കണ്ടെത്തൽ. കൂടുതൽ ഫയലുകൾ പരിശോധിക്കേണ്ടതിനാൽ സംഘത്തിന് മൂന്നുദിവസത്തേക്ക് കൂടി പരിശോധന തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച പരിശോധന ശനിയാഴ്‌ചയോടെ പൂർത്തിയാക്കി വിശദ റിപ്പോർട്ട് നൽകാനായിരുന്നു കലക്ടർ നിർദേശം നൽകിയിരുന്നത്. എന്നാൽ, കൂടുതൽ ഫയലുകൾ പരിശോധിക്കാനുള്ളതിനാൽ സ്ക്വാഡിന് ഈ മാസം 18 വരെ അന്വേഷണം തുടരാൻ അനുമതി നൽകുകയായിരുന്നു.
ഓഫിസിനെതിരെ അഴിമതി ആരോപണങ്ങളും കൃത്യനിർവഹണത്തിൽ വീഴ്ചയും ചൂണ്ടിക്കാട്ടി ലഭിച്ച പരാതികൾക്ക് പിന്നാലെയാണ് അന്വേഷണത്തിനായി സ്ക്വാഡിനെ നിയമിച്ചത്. സാമ്പത്തിക ഇടപാടുകൾ ഉൾെപ്പടെ തീർപ്പാക്കിയവ അടക്കം ഫയലുകളും പരിശോധിക്കാനാണ് നിർദേശം. ഇതിലാണ് കൂടുതൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുള്ളത്.
ഫയലുകളുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതകൾ ലഭിക്കാൻ ഇവ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരെ ഫോൺ മുഖേനയോ നേരിട്ട് വിളിച്ച് വരുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം.കലക്ടറേറ്റിലെ ഇൻസ്പെക്ഷൻ സൂപ്രണ്ട് ഷംസുദ്ദീെൻറ നേതൃത്വത്തിൽ പത്തംഗ പ്രത്യേക സംഘമാണ് രേഖകൾ പരിശോധിക്കുന്നത്. നാല് ജൂനിയർ സൂപ്രണ്ടുമാരും ക്ലർക്കുമാരുമാണ് സംഘത്തിലുള്ളത്.
വിവിധ ടീമുകളായി തിരിഞ്ഞ് കെട്ടിക്കിടക്കുന്ന ഫയലുകൾ, തീർപ്പാക്കാൻ വൈകിയവ, ഓഫിസിൽ നടന്ന പണമിടപാടുകൾ തുടങ്ങി മുഴുവൻ രേഖകളും പരിശോധിക്കുന്നുണ്ട്. അടുത്തിടെ ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിലെ 26 പേരിൽ 24 ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.