കൗൺസിലറുടെ നിശ്ചദാർഢ്യം: കൈയേറ്റഭൂമിയിൽ കായലോര നടപ്പാത ഒരുങ്ങി
text_fieldsകൊച്ചി: സ്വകാര്യവ്യക്തി കൈയേറിയ കായൽ ഭൂമി നിയമപോരാട്ടത്തിലൂടെ ഏറ്റെടുത്ത് കായലോര നടപ്പാത നിർമിച്ച് കോർപറേഷൻ കൗൺസിലർ സി.കെ. പീറ്റർ. 58ാം ഡിവിഷനായ കോന്തുരുത്തി കായലോരമാണ് മനോഹരമായി നിർമിച്ചെടുത്തത്.
ഭൂമി സ്വകാര്യവ്യക്തി കൈയേറി സ്വന്തമാക്കിയിരുന്നു. അത് എന്തുവില കൊടുത്തും തിരിച്ചുപിടിച്ച് പ്രേദശവാസികൾക്ക് വികസനപ്രവർത്തനം നടത്തണമെന്ന നിശ്ചയദാർഢ്യത്തോടെ കോന്തുരുത്തി കൗൺസിലർ പീറ്റർ രംഗത്തിറങ്ങുകയായിരുന്നു. ആദ്യതവണ കൗൺസിലറായപ്പോൾതന്നെ അദ്ദേഹം പോരാട്ടം ആരംഭിച്ചു. സ്വന്തമായി അഭിഭാഷകനെ െവച്ച് 12 വർഷം ഭൂമിക്കായി പോരാടി.
ഒടുവിൽ മുൻസിഫ് കോടതിയും തുടർന്ന് ജില്ല കോടതിയും കോർപറേഷന് അനുകൂലമായി വിധി പ്രസ്താവിച്ചു. പകുതിയോളം ഭൂമി വിട്ടുകിട്ടി. അവശേഷിക്കുന്നതിന് നിയമനടപടികൾ തുടരുകയാണ്. ലഭിച്ച ഭൂമി ഏറ്റെടുത്താണ് കായലോര നടപ്പാത നിർമിച്ചത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിട്ടതായി പീറ്റർ പറഞ്ഞു.
കോന്തുരുത്തി മേഖലയിൽ ആളുകളുടെ ഉല്ലാസത്തിനും ഒത്തുചേരലിനും പ്രത്യേക സ്ഥലമില്ലായിരുന്നു. മൂന്നുവശവും കായലാൽ ചുറ്റപ്പെട്ട മനോഹര സ്ഥലമായതിനാൽ മറ്റ് നാട്ടുകാരും ഇവിടെ കാഴ്ചകൾ കാണാൻ എത്തുമായിരുന്നു. കായലിെൻറ സംരക്ഷണഭിത്തി ഒരു വർഷംമുമ്പ് ഇടിഞ്ഞുവീണത് പുനർനിർമിച്ചു. ടൈൽ പാകി നടപ്പാത മനോഹരമാക്കി. കായൽക്കാഴ്ചകൾ കാണാൻ ഇരിപ്പിടങ്ങളും നിർമിച്ചു. ഇരുനൂറോളം പേർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നടന്ന് കായൽക്കാഴ്ചകൾ കാണാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.