സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു, കൗൺസിലർമാർ കോർപറേഷെൻറ ഭരണസാരഥ്യത്തിലേക്ക്
text_fieldsകൊച്ചി: സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതോടെ കൗൺസിലർമാർ കോർപറേഷെൻറ ഭരണസാരഥ്യത്തിലേക്ക്. കൗൺസിൽ ഹാളിൽ തിങ്കളാഴ്ച രാവിലെ 11.30ന് ജില്ല വരണാധികാരിയും കലക്ടറുമായ എസ്. സുഹാസ് മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കോർപറേഷനിലെ 51ാം ഡിവിഷനായ പൂണിത്തുറയിൽനിന്ന് വിജയിച്ച യു.ഡി.എഫിലെ മേഴ്സി ടീച്ചറാണ് ആദ്യം വരണാധികാരിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തുടർന്ന് മേഴ്സി ടീച്ചർ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശമുള്ളതിനാൽ ഇക്കുറി എല്ലാ അംഗങ്ങളും ഒരുമിച്ചാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഈശ്വരനാമത്തിലും ദൃഢപ്രതിജ്ഞയെടുത്തുമാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ഏറ്റുപറഞ്ഞത്. തുടർന്ന് മുതിർന്ന അംഗത്തിെൻറ നേതൃത്വത്തിൽ ആദ്യ കൗൺസിൽ യോഗവും ചേർന്നു. വിവിധ കക്ഷിനേതാക്കൾക്ക് സംസാരിക്കാൻ അവസരം നൽകിയെങ്കിലും 64 ാം ഡിവിഷനായ കതൃക്കടവിൽനിന്ന് വിജയിച്ച എം.ജി. അരിസ്റ്റോട്ടിൽ, 39ാം ഡിവിഷനായ കറുകപ്പള്ളിയിൽനിന്ന് വിജയിച്ച അഡ്വ. ദീപ്തി മേരി വർഗീസ് എന്നിവരാണ് സംസാരിച്ചത്.
കേരളത്തിെൻറ സ്വകാര്യഅഹങ്കാരമായി കൊച്ചി കോർപറേഷനെ മാറ്റിയെടുക്കുന്ന തരത്തിലേക്ക് വികസനപ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും അതിനു കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ പ്രവർത്തനമാണ് ആവശ്യെമന്നും ഇരുവരും പറഞ്ഞു. വിവിധ മുന്നണികളുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ പ്രകടനമായാണ് രാവിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങുകൾക്കെത്തിയത്.
കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ നിയുക്ത കൗൺസിലർമാർക്കും ഒപ്പംവരുന്ന ഒരാൾക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നതെങ്കിലും ഒടുവിൽ അതെല്ലാം ലംഘിക്കുന്ന അവസ്ഥയെത്തി. കൗൺസിൽ ഹാളിലും അത് ദൃശ്യമായി. ഹാളിലേക്ക് പ്രവേശിച്ച അംഗങ്ങളെ കോർപറേഷൻ ജീവനക്കാർ റോസ പൂവ് നൽകി സ്വീകരിച്ചു.
സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ശേഷം നിയുക്ത മേയർ എൽ.ഡി.എഫിലെ അഡ്വ. എം. അനിൽകുമാർ മൊത്തം അംഗങ്ങളെയും നിർത്തി സെൽഫിയുമെടുത്തു. 74 അംഗ കൗൺസിലിൽ 34 അംഗങ്ങളോടെ എൽ.ഡി.എഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 31 അംഗങ്ങളുള്ള യു.ഡി.എഫ് രണ്ടാംകക്ഷിയാണ്.
എൻ.ഡി.എക്ക് അഞ്ച് അംഗങ്ങളും നാല് സ്വതന്ത്രന്മാരുമാണ് കൗൺസിലിലുള്ളത്. രണ്ട് വിമതന്മാരുടെ പിന്തുണ ഇതിനകം എൽ.ഡി.എഫ് ഉറപ്പിച്ചുകഴിഞ്ഞു. അതിനാൽ കൊച്ചി കോർപറേഷൻ ഇടതു മുന്നണിയാകും നയിക്കുക. 28നാണ് മേയർ തെരെഞ്ഞടുപ്പ്. രാവിലെ 11ന് മേയർ തെരഞ്ഞെടുപ്പും ഉച്ചക്കുശേഷം രണ്ടിന് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പും നടക്കും.
കളമശ്ശേരി: കളമശ്ശേരി, ഏലൂർ നഗരസഭകളിലെ പുതിയ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കളമശ്ശേരിയിൽ സുന്ദരഗിരി നാലാംവാർഡിൽനിന്നുള്ള മുതിർന്ന അംഗം പിയൂസ ഫെലിക്സിന് റിട്ടേണിങ് ഓഫിസർ സിൻസിമോൾ ആൻറണി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് 40 അംഗങ്ങൾക്കും പിയൂസ ഫെലിക്സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഏലൂർ മുനിസിപ്പാലിറ്റിയിൽ ലീഗൽ മെട്രോളജി വിഭാഗം ഡെപ്യൂട്ടി കൺട്രോളർ ബി. ഐ സൈലാസ് മുതിർന്ന അംഗമായ ചന്ദ്രിക രാജന് സത്യവാചകം ചൊല്ലിക്കൊടുത്തു. 30ാം വാർഡ് അംഗമായ ചന്ദ്രിക രാജൻ മറ്റ് 30 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. യു.ഡി.എഫിന് ഭരിക്കാൻ ഭൂരിപക്ഷമുള്ള കളമശ്ശേരി നഗരസഭയിൽ പട്ടികജാതി വനിത സംവരണമായതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് സീമ കണ്ണനെയാണ് പരിഗണിക്കുന്നത്. ഏലൂരിൽ എൽ.ഡി.എഫ് പരിഗണിക്കുന്നത് എ.ഡി. സുജിലിനെയും.
കുമ്പളം: ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ച 18 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.വരണാധികാരി തൃപ്പൂണിത്തുറ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മുതിർന്ന അംഗം കെ.എസ്. രാധാകൃഷ്ണന് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 30ന് രാവിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പും രണ്ടിന് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പും നടക്കും.
കാക്കനാട്: തൃക്കാക്കര നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും മുതിര്‍ന്ന കൗൺസിലറായ ആര്. രാധാമണി പിള്ളക്ക് റിട്ടേണിങ് ഓഫിസര്‍ എല്‍.എ വിഭാഗം െഡപ്യൂട്ടി കലക്ടര്‍ സുരേഷ് കുമാറാണ് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തത്.
തുടര്‍ന്ന് രാധാമണി പിള്ള മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭൂരിപക്ഷം പേരും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലായിരുന്നു.37ാം വാര്‍ഡിലെ മുസ്ലിം ലീഗ് അംഗം ഷിമി മുരളി ദൈവനാമത്തിനൊപ്പം അംബേദ്കറുടെയും പേരും ചേർത്തു. നഗരസഭ ഓഫിസിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. തുടർന്ന് കൗണ്‍സില്‍ ഹാളില്‍ രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേര്‍ന്നു.
ജില്ല പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
കൊച്ചി: ജില്ല പഞ്ചായത്തിലേക്ക് െതരഞ്ഞെടുക്കപ്പെട്ട 27 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.വൈപ്പിനിൽനിന്ന് വിജയിച്ച മുതിർന്ന അംഗം കെ.ജി. ഡോണോ മാസ്റ്റർക്കാണ് വരണാധികാരി കൂടിയായ കലക്ടർ എസ്.സുഹാസ് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടർന്ന് മുതിർന്ന അംഗം മറ്റംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
എം.ബി.ഷൈനി (ചെറായി), എ.എസ്. അനിൽകുമാർ (മൂത്തകുന്നം), ഷൈനി ജോർജ് (കറുകുറ്റി ), അനിമോൾ ബേബി (മലയാറ്റൂർ), ശാരദ മോഹൻ (കാലടി), മനോജ് മൂത്തേടൻ (കോടനാട്), ഷൈമി വർഗീസ് (പുല്ലുവഴി), റഷീദ സലീം (ഭൂതത്താൻകെട്ട്), കെ.കെ. ദാനി (നേര്യമംഗലം), റാണിക്കുട്ടി ജോർജ് (വാരപ്പെട്ടി), ഉല്ലാസ് തോമസ് (ആവോലി), ഷാൻറി എബ്രഹാം (വാളകം), ആശ സനിൽ (പാമ്പാക്കുട), അനിത ടീച്ചർ (ഉദയംപേരൂർ), എൽദോ ടോം പോൾ (മുളന്തുരുത്തി), ദീപു കുഞ്ഞുകുട്ടി (കുമ്പളങ്ങി), ലിസി അലക്സ് (പുത്തൻ കുരിശ്), കെ.ആർ. ഉമാ മഹേശ്വരി (കോലഞ്ചേരി), പി.എം. നാസർ (വെങ്ങോല), റൈജ അമീർ (എടത്തല), സനിത റഹീം (കീഴ്മാട്), എം.ജെ. ജോമി (നെടുമ്പാശ്ശേരി), കെ.വി. രവീന്ദ്രൻ (ആലങ്ങാട്), യേശുദാസ് പറപ്പിള്ളി (കടുങ്ങല്ലൂർ), ഷാരോൺ പനയ്ക്കൽ (കോട്ടുവള്ളി), എൽസി ജോർജ് (വല്ലാർപാടം) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.