പ്രതിസന്ധിയൊഴിയാതെ ഹോട്ടൽ തൊഴിലാളികൾ
text_fieldsകൊച്ചി: ഹോട്ടലുകളിൽ രുചിയൂറുന്ന ഭക്ഷണം പാകം ചെയ്തിരുന്നവർ, സ്നേഹത്തോടെ അത് വിളമ്പി നൽകിയവർ... നാടിെൻറ വിശപ്പകറ്റിയ ഈ തൊഴിലാളികൾ ഇന്ന് ദുരിതത്തിലാണ്.
കോവിഡ് വ്യാപനത്തോടെ ആളുകൾ കുറഞ്ഞതോടെ നിരവധി ഹോട്ടലുകളുടെ നിലനിൽപ് തന്നെ പ്രശ്നത്തിലായി. ഇതോടെ തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്.
നാലായിരത്തോളം റസ്റ്റാറൻറുകളാണ് ജില്ലയിലുള്ളത്. ചെറുകിട ഭക്ഷണശാലകൾ വേറെയും. ഇവിെടയൊക്കെയായി ഏകദേശം 60,000 തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ വലിയൊരു ശതമാനം അന്തർ സംസ്ഥാന തൊഴിലാളികളുമുണ്ട്.
കോവിഡ് വ്യാപനത്തിെൻറ ആദ്യഘട്ടത്തിൽ തന്നെ ഇവരിൽ കൂടുതൽ ആളുകളും നാടുകളിലേക്ക് മടങ്ങി. അതേസമയം, നൂറുകണക്കിന് ഹോട്ടലുകൾ പ്രതിസന്ധി മൂലം അടച്ചു. മറ്റുള്ളവയിൽ കൂടുതലും പാർസൽ മാത്രമാക്കി.
ഇതോടെ തൊഴിലില്ലായ്മ രൂക്ഷമാകുകയും ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുകയുമാണ്. പലരും മറ്റ് തൊഴിലുകൾ തേടിയിറങ്ങിയെങ്കിലും കോവിഡ് വ്യാപനം തടസ്സമാകുന്നു.
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് മേഖലയുടെ തകർച്ചക്ക് കാരണമായത്. കോവിഡ് കാലമായതോടെ റസ്റ്റാറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവർ വിരളമായി. ആദ്യഘട്ടത്തിലേതിനെക്കാൾ മാറ്റം വന്നെങ്കിലും ഉപഭോക്താക്കളുടെ എണ്ണം കാര്യമായി വർധിച്ചിട്ടില്ല.
വലിയ വരുമാന നഷ്ടമാണ് മേഖല നേരിടുന്നതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ 'മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തപൂർണമായ നടപടിയാണ് റസ്റ്റാറൻറുകൾ സ്വീകരിക്കുന്നത്. വ്യാപനത്തിെൻറ വ്യാപ്തി കുറക്കുന്നതിന് ഇത് സഹായകമാെയന്ന് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ഇരുന്നുകഴിക്കുന്നവരുടെ എണ്ണം വർധിക്കുന്ന ഘട്ടത്തിൽ മാത്രമേ അനുകൂല സാഹചര്യമുണ്ടാകുകയുള്ളൂ.
ഇതിന് കോവിഡ് വ്യാപന തോത് കുറയണം. പൊതുഗതാഗത മേഖലയുടെ തിരിച്ചുവരവും മേഖലയുടെ ഉണർവിന് അത്യാവശ്യമാണ്. കാര്യങ്ങൾ പൂർവ സ്ഥിതിയിലാകുന്നതുവരെ തൊഴിൽ നഷ്ടമുണ്ടാകാതെ ജീവനക്കാരെ സംരക്ഷിക്കണമെന്നതാണ് തൊഴിലാളി സംഘടനകളുടെ നിലപാട്.
തൊഴിൽ നഷ്ടപ്പെട്ടവർ ഏറെ
റസ്റ്റാറൻറ് മേഖലയിലെ പ്രതിസന്ധി ഉടമകളെയും ഹോട്ടലുകളിലെ ജീവനക്കാരെയും മാത്രമല്ല ബാധിച്ചത്. ഇവിടേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നവർ മുതൽ ക്ലീനിങ് ജീവനക്കാർ വരെയുള്ളവർ ബുദ്ധിമുട്ടിലാണ്.
ഹോട്ടലുകളിലേക്ക് ചെറുകിട സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും ആഹാരസാധനങ്ങൾ എത്തിച്ചിരുന്നവർ, പപ്പടം നിർമാതാക്കൾ, പലഹാര കച്ചവടക്കാർ, മുട്ടക്കച്ചവടക്കാർ തുടങ്ങി വിവിധ മേഖലകളുമായി ഇത് ബന്ധപ്പെട്ടുകിടക്കുന്നു. സാധാരണക്കാരായ നൂറുകണക്കിന് ആളുകളാണ് നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.