കോവിഡ് വ്യാപനം: എറണാകുളം ജില്ലയിൽ 3000 ഓക്സിജൻ കിടക്കകൾകൂടി അനുവദിക്കും
text_fieldsകൊച്ചി: കോവിഡ് അതിവ്യാപനം മുന്നിൽക്കണ്ട് ജില്ലയിൽ വരും ദിവസങ്ങളിൽ മൂവായിരത്തോളം ഓക്സിജൻ കിടക്കകൾ തയാറാക്കാൻ ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
ബി.പി.സി.എലിന് സമീപം 500, അഡ്്ലക്സ് ചികിത്സ കേന്ദ്രങ്ങിൽ 500, വിവിധ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലായി 400, എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ 150 എന്നിങ്ങനെ ഓക്സിജൻ കിടക്കകൾ അടിയന്തരമായി തയാറാക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണെന്ന് ജില്ലയിലെ എം.പിമാരുടെയും എം.എൽ.എമാരുടെയും കോവിഡ് അവലോകന യോഗത്തിൽ കലക്ടർ എസ്. സുഹാസ് അറിയിച്ചു.
ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ മാർഗനിർദേശങ്ങൾ പാലിച്ച് വാക്സിനേഷൻ നടപടി മുന്നോട്ടുപോകും. ജില്ലയിൽ നിലവിൽ 1667 ഒാക്സിജൻ കിടക്കകൾ ലഭ്യമാണെന്ന് അറിയിച്ച കലക്ടർ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഹോട്ട്ലൈൻ സംവിധാനം എർപ്പെടുത്തുമെന്നും അറിയിച്ചു.
ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ട പി. രാജീവ് എം.എൽ.എ സാങ്കേതിക വിദ്യയിലൂന്നിയുള്ള ജില്ലയിലെ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധനേടിയതാണെന്നും ഈ സംവിധാനം ജനപ്രതിനിധികൾക്കുകൂടി ലഭ്യമാക്കണമെന്നും നിർദേശിച്ചു. വെൻറിലേറ്റർ സൗകര്യം വർധിപ്പിക്കണമെന്നും ആശുപത്രികളിൽ കൂടുതൽ ജീവനക്കാരെ ഉറപ്പാക്കണമെന്നും ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു, ആശുപത്രികൾക്ക് സമീപം പരിമിതമായ രീതിയിൽ ഓട്ടോറിക്ഷ സൗകര്യം ലഭ്യമാക്കണമെന്ന് തോമസ് ചാഴികാടൻ എം.പി നിർദേശിച്ചു. വാക്സിനേഷന് രജിസ്റ്റർ ചെയ്തവർക്ക് സമയം ക്രമീകരിച്ച് തിരക്ക് കുറക്കണമെന്ന് ഹൈബി ഈഡൻ എം.പി അഭിപ്രായപ്പെടു. പറവൂർ താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന് വി.ഡി. സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു.
പൊതുവിതരണ കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. വീടുകളിൽ കോവിഡ് രോഗികൾക്ക് മരണം സംഭവിച്ചാൽ നടപടിക്രമങ്ങളിൽ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ എഫ്. എൽ.ടി.സികൾ സ്ഥാപിക്കാൻ ജില്ല ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് പി.വി. ശ്രീനിജൻ എം.എൽ.എ ആവശ്യപ്പെട്ടു. പൾസ് ഓക്സി മീറ്ററുകളുടെ ഗുണനിലവാരം സംബന്ധിച്ച് കൃത്യമായ വിവരം ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവ കണ്ടെത്തി കൂടുതൽ എഫ്.എൽ.ടി.സികൾ സജ്ജമാക്കണമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് വാക്സിനേഷൻ സൗകര്യം ഉറപ്പാക്കണമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. എം.എൽ.എമാരായ റോജി എം.ജോൺ, ആൻറണി ജോൺ എന്നിവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.