ഒന്നര വർഷമായി വിദേശികളെ കണി കാണാൻ പോലും കിട്ടാതെ കൊച്ചി
text_fieldsമട്ടാഞ്ചേരി: കൊച്ചിയിലൊരു ആഡംബര കപ്പലടുത്താൽ ടൂറിസം മേഖലക്ക് ഉത്സവമാണ്. വൻകിടക്കാർക്കുമുതൽ വഴിയോരക്കാർക്കുവരെ കച്ചവടം കിട്ടും. ടുക് ടുക് എന്ന് വിളിക്കുന്ന ഓട്ടോകളിൽ കയറിയുള്ള യാത്ര വിദേശികൾക്ക് ഹരമാണ്. കൊച്ചിയിലെ ഓട്ടോക്കാരിൽ പലരും എട്ടോളം വിദേശഭാഷകൾ സംസാരിക്കുന്നവരാണ്.
കോവിഡ് മഹാമാരിയുടെ വരവോടെ സഞ്ചാരികളുടെ വരവ് നിലച്ചു. ഒന്നര വർഷമായി വിദേശികളെ കണി കാണാൻപോലും കിട്ടാതായതോടെ പലരും ഭാഷകൾതന്നെ മറന്നുതുടങ്ങി. നാട്ടുകാരുടെ ഓട്ടംകൂടി ഇല്ലാതായതോടെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ് ഓട്ടോ തൊഴിലാളികൾ. രാജ്യത്ത് ഏറ്റവും കൂടുതൽ ആഡംബര കപ്പലുകൾ എത്തുന്നത് കൊച്ചി തുറമുഖത്താണ്. 2018-19 വർഷത്തിൽ 46 ഉല്ലാസ കപ്പലാണ് കൊച്ചി തീരമണഞ്ഞത്.
2019-20ൽ 49 കപ്പൽ ബുക്ക് ചെയ്തിരുെന്നങ്കിലും 40എണ്ണം മാത്രമേ എത്തിയുള്ളു. കോവിഡ് മഹാമാരിയെത്തുടർന്ന് ഏഴ് കപ്പൽ എത്തിയില്ല. പുറംകടൽ വരെ എത്തിയ രണ്ട് കപ്പൽ മടങ്ങിപ്പോയി. 2019-20 സാമ്പത്തിക വർഷത്തിൽ 2.40 ലക്ഷം വിനോദസഞ്ചാരികളാണ് കൊച്ചിയിൽ മാത്രം എത്തിയത്. കോവിഡ് ഒന്നാം തരംഗത്തിനുശേഷം പതിയെ പച്ചപിടിച്ചുവരുേമ്പാഴാണ് ഇരുട്ടടിയായി രണ്ടാം തരംഗത്തിെൻറ വരവും ലോക്ഡൗണും. കനത്ത ആഘാതമാണ് ഇത് വിനോദസഞ്ചാരമേഖലക്ക് നൽകിയത്. വഴിയോര കച്ചവടക്കാർ മുതൽ വൻകിട ഹോട്ടലുകൾ വരെ നീളുന്ന വ്യവസായ ശൃംഖലയാണ് മേഖലയെ ആശ്രയിച്ചു കഴിയുന്നത്.
ഫോർട്ട്കൊച്ചി, ചെറായി തീരങ്ങൾ, ഭൂതത്താൻകെട്ട്, പാണിയേലിപോര്, തട്ടേക്കാട് പക്ഷി വളർത്തുകേന്ദ്രം, കോടനാട് എന്നിവയടക്കമുള്ള സ്ഥലങ്ങൾ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. എറണാകുളത്തെ കുട്ടികളുടെ പാർക്ക്, സുഭാഷ് പാർക്ക്, വണ്ടർലാ അമ്യൂസ്മെൻറ് പാർക്ക്, മറൈൻ ഡ്രൈവ് എന്നിവ ആഭ്യന്തര വിനോദസഞ്ചാരികളുടെയും ഇഷ്ടകേന്ദ്രങ്ങളായിരുന്നു.
ചെറുകിട ഹോട്ടലുകൾക്കും ഫോർട്ട്കൊച്ചിയിലെ തട്ടുകടൾക്കുപോലും സഞ്ചാരികളുടെ വരവ് ആശ്വാസമായിരുന്നു. കോവിഡും ലോക്ഡൗണും ഇവരെയും പ്രതിസന്ധിയിലാക്കി. ടാക്സി ഡ്രൈവർമാർ, ടൂറിസ്റ്റ് വാഹനവുമായി കഴിയുന്നവരുടെയടക്കം വരുമാനം ഇല്ലാതായി. കൊച്ചിയിൽ മുന്നൂറോളം ഹോം സ്റ്റേകൾ ഉള്ളതായാണ് കണക്ക്. അവരും കഷ്ടത്തിലാണ്. നിരവധി കശ്മീരികളാണ് കരകൗശല കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയത്. പലരും കുടുംബസമേതം കൊച്ചിയിൽ താമസമാക്കിയവരാണ്. ഇവരും പ്രതിസന്ധിയിലായി. കോവിഡിെൻറ തുടക്കത്തിൽ അടച്ച ഗ്യാലറികൾ ഇതുവരെ തുറന്നിട്ടില്ല. മട്ടാഞ്ചേരി ജൂ ടൗണിലെ സുഗന്ധവ്യഞ്ജന കടകൾ, കരകൗശല വിൽപനശാലകൾ, പുരാവസ്തു വിൽപനകേന്ദ്രങ്ങൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. നൂറുകണക്കിന് പേരാണ് തൊഴിൽരഹിതരായത്.
വിദേശികൾക്ക് ആസ്വാദനത്തിന് വഴിയൊരുക്കി കഥകളി, കളരി എന്നിവ അവതരിപ്പിച്ചിരുന്ന കലാകാരന്മാർ, യോഗ ക്ലാസുകൾ നടത്തിയിരുന്നവർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ തൊഴിലില്ലാതെ കഴിയുകയാണ്. പുതുവത്സര ആഘോഷമായ കൊച്ചിൻ കാർണിവൽ, കൊച്ചി മുസ്രിസ് ബിനാെല എന്നിവയും കഴിഞ്ഞവർഷം നടന്നില്ല. ടൂറിസത്തിലൂടെയുള്ള വരുമാനം നിലച്ചത് ജില്ലയുടെ സാമ്പത്തികമേഖലക്കും തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.