കോവിഡ് വ്യാപനം: ജാഗ്രത വേണം
text_fieldsകൊച്ചി: ഇതര ജില്ലകളെ അപേക്ഷിച്ച് എറണാകുളത്ത് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വ്യാപനം തടയാൻ ജാഗ്രത വേണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ നിർദേശിച്ചു. പ്രതിദിനം ശരാശരി 600നും 700നും ഇടയിൽ കോവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൊതുഇടങ്ങളിലും മറ്റും മാസ്ക് ധരിക്കാത്തതും മാസ്ക് താഴ്ത്തി സംസാരിക്കുന്നതും രോഗം ക്ഷണിച്ചു വരുത്തുമെന്നതിനാൽ എല്ലാവരും മാസ്ക് ശരിയായ രീതിയിൽ ധരിക്കണം. വീടിന് പുറത്തുപോകുമ്പോൾ കൈകൾ ഇടക്കിടെ ശുചിയാക്കണമെന്നും സമൂഹ അകലം പാലിക്കാൻ ശ്രദ്ധ നൽകണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. കിടപ്പുരോഗികൾക്കും വയോജനങ്ങൾക്കും പ്രത്യേക സംരക്ഷണം നൽകണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പുലർത്തേണ്ടതും അർഹരായ എല്ലാ കുട്ടികളും വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. വാക്സിൻ രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതൽ ഡോസ് എടുക്കാനുള്ളവരും എടുക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിനും കരുതൽ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താലേ ഫലം ലഭിക്കൂ. വാക്സിനെടുക്കാത്തവരിലും അനുബന്ധ രോഗങ്ങളുള്ളവരിലുമാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നതിനാൽ കോവിഡ് വാക്സിൻ യഥാസമയം സ്വീകരിച്ച് സുരക്ഷിതരാകണമെന്നും ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.
അനുബന്ധ രോഗങ്ങളുള്ളവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.