മൂന്നാം തരംഗം അരികെ; കിടക്കകൾ നിറയുന്നു
text_fieldsകൊച്ചി: കോവിഡ് മൂന്നാം തരംഗഭീതി അരികെ നിൽക്കെ കോവിഡ് ബാധിതരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നു. ഓണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടവെ 4000 രോഗികൾക്ക് മുകളിലെത്തി പ്രതിദിന കണക്ക്.
ചികിത്സയുടെ കാര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും നാലാഴ്ച നിർണായകമാണ്. മുമ്പ് മേയിലാണ് ഇത്രയേറെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറായിരത്തിലേറെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത മേയിൽ അവസാന വാരത്തോടെ ഇത് കുറഞ്ഞു.
അതിനുശേഷം ഉണ്ടായ വലിയ വർധനയാണിപ്പോഴത്തേത്. ഇതിൽ സമ്പർക്ക രോഗബാധയാണ് വർധിച്ചിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് കുടുംബങ്ങളിലെ കൂടിച്ചേരലുകൾ സമ്പർക്ക രോഗബാധക്കുള്ള സാധ്യത വർധിപ്പിച്ചു. ഓണത്തിന് മുമ്പ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കാൽലക്ഷത്തോളമായിരുന്നു.
ബുധനാഴ്ച മാത്രം സമ്പർക്കപ്പട്ടികയിൽനിന്ന് 4441പേരാണ് നിരീക്ഷണത്തിലായത്. രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ 10 കോവിഡ് ആശുപത്രികളും രോഗതീവ്രതയനുസരിച്ച് ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളായി 60 കോവിഡ് കെയർ സെൻററുകളും ജില്ലയിൽ സജ്ജമാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ജില്ലയില്‍ ലഭ്യമായ കിടക്കകളുടെ എണ്ണം നിലവിലെ സാഹചര്യത്തില്‍ പര്യാപ്തമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. കളമശ്ശേരിയിലെ മെഡിക്കല്‍ കോളജിന് പുറമെ ആലുവ ജില്ല കോവിഡ് ചികിത്സ കേന്ദ്രം, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, പള്ളുരുത്തി താലൂക്ക് ആശുപത്രി, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി, സഞ്ജീവനി, അമ്പലമുകള്‍ കോവിഡ് ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് വിദഗ്ധ ചികിത്സക്കുള്ള സൗകര്യങ്ങൾ സജ്ജമാണ്. അതേസമയം, ജില്ലയിൽ കോവിഡ് മരണം രണ്ടായിരത്തോടടുത്തു. 1993പേരാണ് നിലവിൽ മരണപ്പെട്ടത്. 0.43ആണ് മരണനിരക്ക്. 1500ഓളം മരണങ്ങളും രണ്ടാം തരംഗത്തിലാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.