കൊടും ക്രൂരത: തെരുവുനായെ കുടുക്കിട്ട് പിടിച്ച് വിഷം കുത്തിവെച്ച് കൊന്ന് കുഴിച്ചുമൂടി
text_fieldsകാക്കനാട്(കൊച്ചി): കാക്കനാട്ട് തെരുവുനായെ ക്രൂരമായി പിടികൂടി വിഷം കുത്തിവെച്ച് കൊന്ന് കുഴിച്ചുമൂടി. തെരുവുനായ്ക്കളെ കെണി വെച്ച് പിടികൂടുന്ന കോഴിക്കോട് സ്വദേശികളായ സംഘമാണ് നായെ കൊന്ന് കുഴിച്ചിട്ടത്. തൃക്കാക്കര നഗരസഭക്ക് വേണ്ടിയായിരുന്നു നായ്ക്കളെ പിടികൂടിയതെന്ന് ഇവർ മൊഴിനൽകിയതായാണ് വിവരം. എറണാകുളം ജില്ല പഞ്ചായത്തിന് കീഴിലുള്ള മൃഗസംരക്ഷണ സംഘടനയായ എസ്.പി.സി.എസ് ആണ് സംഭവം പുറത്തെത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃക്കാക്കര നഗരസഭ പരിധിയിലുള്ള ഈച്ചമുക്കിലെ ഗ്രീൻഗാർഡനിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ വീട്ടുകാർ ഭക്ഷണം നൽകിവന്ന തെരുവുനായെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി പിക് അപ് വാനിലേക്ക് എറിയുകയായിരുെന്നന്ന് പ്രദേശവാസികൾ പറഞ്ഞു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും കെ.എൽ 40 രജിസ്ട്രേഷൻ വാനിലെത്തിയ സംഘം ഇവരെ വെട്ടിച്ച് കടന്നു കളഞ്ഞു.
നായെ കൊല്ലുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ എസ്.പി.സി.എക്ക് ലഭിച്ചതോടെ സംഘടന സെക്രട്ടറി ടി.കെ. സജീവിെൻറ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ നഗരസഭയുടെതന്നെ സ്ഥാപനമായ കാക്കനാട്ടെ കമ്യൂണിറ്റി ഹാളിലാണ് ഇവർ തമ്പടിക്കുന്നതെന്ന് വിവരം ലഭിച്ചു. തുടർന്ന് കമ്യൂണിറ്റി ഹാളിൽെവച്ച് നായ്ക്കളെ പിടികൂടാനുള്ള ഉപകരണങ്ങൾ സഹിതം ഇവരെ കണ്ടെത്തി. കുത്തിവെക്കാനുള്ള വിഷവും സിറിഞ്ചുകളും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് എസ്.പി.സി.എ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഇവർ കടന്നുകളഞ്ഞിരുന്നു. പിന്നീട് വാഹന ഉടമയായ പള്ളിക്കര സ്വദേശി സൈജൻ കെ. ജോസിനെ (49) പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന ബാക്കി മൂന്നുപേർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സംഘം കൊന്ന നായ്ക്കളുടെ ജഡം നഗരസഭയുടെ മാലിന്യനിർമാർജന കേന്ദ്രത്തിലായിരുന്നു കുഴിച്ചിട്ടിരുന്നതെന്നാണ് വിവരം. സംഭവം വിവാദമായതോടെ ഉന്നത ഇടപെടലുണ്ടാകുകയും നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടിക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.