എക്സൈസ് ഓഫിസ് വേണമെന്ന് ആവശ്യം; ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വർധിക്കുന്നു
text_fieldsകളമശ്ശേരി: ലഹരി ഉപയോഗവും വിതരണവും വ്യാപകമാകുന്ന സാഹചര്യത്തിൽ കളമശ്ശേരി കേന്ദ്രീകരിച്ച് എക്സൈസ് ഓഫിസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ലഹരിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുകൾ ഉണ്ടായാൽ പൊലീസിനെ അറിയിക്കുന്നതുകൂടാതെ എക്സൈസ് ഇടപെടണ്ട സംഭവമാണെങ്കിൽ എറണാകുളത്തുനിന്ന് എത്തേണ്ട സാഹചര്യമാണുള്ളത്. 10 കി.മീ. താണ്ടിവേണം എത്താൽ. അതിനാൽ കളമശ്ശേരി കേന്ദ്രീകരിച്ച് ഓഫിസ് അത്യാവശ്യമാണെന്ന് ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നു.
ഇതിന് കളമശ്ശേരി നഗരസഭ ഒറ്റക്കെട്ടായി ഒരു പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെടണമെന്ന് കളമശ്ശേരി നഗരസഭയിൽ ചേർന്ന വിമുക്തി വാർഡ്തല കമ്മിറ്റി രൂപവത്കരണ ചടങ്ങിൽ എക്സൈസ് എറണാകുളം സർക്കിൾ സി.ഐ അൻവർ സാദത്ത് നിർദേശിച്ചു. അടുത്ത കാലത്തായി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച ലഹരി ഉപയോഗം വർധിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ താമസിക്കുന്നവരെപറ്റിയുള്ള ഒരുധാരണയും കണക്കുകളും ആരുടെ കൈവശവുമില്ല. കളമശ്ശേരി വ്യവസായ മേഖലയിൽ നിരവധി ഫ്ലാറ്റുകളാണ് ഉള്ളത്. അടുത്തിടെ മൂന്നുമാസത്തെ കണക്കെടുത്തതിൽ റേഞ്ചിൽ 451 പരിശോധനയിൽ 38 അനധികൃത മദ്യവിൽപന, 29 നാർകോട്ടിക്, 105 നിരോധിത പുകയില വിൽപന, 23.912 കിലോ കഞ്ചാവും 35 ലിറ്റർ വിദേശമദ്യവും 23 ലിറ്റർ ബിയറും 52 ഗ്രാം ഹഷീഷ് ഓയിലും 78 ഗ്രാം എ.ഡി.എം.എയും പിടിച്ചെടുത്തതായി സി.ഐ വ്യക്തമാക്കി.
ലഹരി ഉപയോഗം തടയാൻ നഗരസഭതലത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നും അതിനുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിമുക്തി നഗരസഭ വാർഡ്തല കമ്മിറ്റി രൂപവത്കരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.