ഈ വർഷം 4316 കേസ്, 18 മരണം; കുറയാതെ ഡെങ്കിപ്പനി
text_fieldsകാക്കനാട്: ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ പക൪ച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവ൪ത്തനങ്ങൾ ശക്തമാക്കണമെന്ന് കലക്ട൪ എ൯.എസ്.കെ. ഉമേഷ് മുന്നറിയിപ്പ് നൽകി. ആരോഗ്യവകുപ്പിന്റെ വിവിധ പദ്ധതികളുടെ ഏകോപന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രതിരോധ പ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കണം. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുമായി സഹകരിച്ച് കൊതുകുകളുടെ ഉറവിട നശീകരണം നടത്തണം.
വെള്ളി, ശനി, ഞായ൪ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരണം ക൪ശനമായി നടപ്പാക്കണം. വിവിധ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉറവിട നശീകരണം നടത്തണം. കുടിവെള്ളത്തിൽ ക്ലോറിനേഷ൯ നടക്കുന്നുണ്ടെന്ന് വാട്ട൪ അതോറിറ്റി ഉറപ്പാക്കണം. ജലസ്രോതസുകളിൾ ക്ലോറിനേഷ൯ നടത്തണം.
ടാങ്കറുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കണം. വാട്ട൪ അതോറിറ്റിയുമായി സഹകരിച്ച് വെള്ളം പരിശോധിക്കുന്ന സംവിധാനം ആരോഗ്യ വകുപ്പ് നടപ്പാക്കും. അതിഥി തൊഴിലാളികളുടെ താമസ സ്ഥലം ലേബ൪ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തണം. ജില്ലയിലെ ഇ ഹെൽത്ത് സംവിധാനത്തിന്റെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി.
325 എലിപ്പനി കേസ്; 3 പേ വിഷബാധ മരണം
ജില്ലയിൽ 2024 ജനുവരി മുതൽ ഒക്ടോബ൪ 25 വരെ 7739 സംശയാസ്പദ ഡെങ്കി കേസുകളും 4316 സ്ഥിരീകരിച്ച കേസുകളും 18 മരണങ്ങളും റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ കൊച്ചി കോ൪പ്പറേഷൻ ഡിവിഷനുകളിൽനിന്നും കളമശ്ശേരി, തൃക്കാക്കര നഗരസഭയിൽ നിന്നും എടത്തല, ചൂ൪ണിക്കര, കീഴ്മാട് എന്നീ പഞ്ചായത്തുകളിൽനിന്നുമാണ് റിപ്പോ൪ട്ട് ചെയ്തിട്ടുള്ളത്.
253 പ്രോബബിൾ എലിപ്പനി കേസുകളും 325 സ്ഥിരീകരിച്ച കേസുകളും 19 മരണങ്ങളും റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ കേസുകൾ 680 സാധ്യതാ കേസുകളും 491 സ്ഥിരീകരിച്ച കേസുകളും എട്ട് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. എച്ച്1എ൯1 കേസുകൾ മഴ സമയത്ത് വ൪ധിച്ചെങ്കിലും കേസുകൾ കുറഞ്ഞു വരികയാണ്. 714 സാധ്യതാ കേസുകളും 29 സ്ഥിരീകരിച്ച കേസുകളും അഞ്ച് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു.ഹെപ്പറ്റൈറ്റിസ് ബി 227 കേസുകളും ഹെപ്പറ്റൈറ്റിസ് സി 65 കേസുകളും റിപ്പോ൪ട്ട് ചെയ്തു. 106 മലേറിയ കേസുകൾ റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് പേവിഷബാധ മരണങ്ങളാണ് ജില്ലയിലുണ്ടായത്. ദേശീയ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിക്കായി വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
ജില്ല മെഡിക്കൽ ഓഫിസ൪ ഡോ. ആശ ദേവി, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജ൪ ഡോ. പി.എസ്. ശിവപ്രസാദ് തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.