പൊള്ളും ഡെങ്കി പനി; വേണം, അതിജാഗ്രത
text_fieldsകൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്നും ജില്ല മെഡിക്കൽ ഓഫിസർ. കൊതുകുജന്യരോഗമായ വെസ്റ്റ് നൈൽ ലക്ഷണങ്ങൾ സംശയിച്ചിരുന്ന കേസ് പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരന്തര ബോധവത്കരണം നടത്തിയിട്ടും വീടുകളിലും സ്ഥാപനങ്ങളിലുമുൾെപ്പടെ കൊതുക് വളരുന്ന ഉറവിടങ്ങൾ കാണപ്പെടുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
കോന്തുരുത്തി ചൂർണിക്കര, എടത്തല, വാഴക്കുളം, മൂക്കന്നൂർ കുട്ടമ്പുഴ, പായിപ്ര, തൃക്കാക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ട്സ്പോട്ടുകളിൽ സ്ക്വാഡുകൾ രൂപവത്കരിച്ച് ഉറവിടനശീകരണവും ഫോഗിങ്ങും നടത്തിവരുന്നു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ വീടുകൾ, ഫ്ലാറ്റുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് രോഗനിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഡെങ്കിപ്പനി ബാധിത മേഖലകളിൽ മണിപ്ലാന്റ് പോലെ വെള്ളത്തിൽ വളർത്തുന്ന അലങ്കാരച്ചെടികൾ ഉള്ളയിടങ്ങളിലാണ് ഈഡിസ് കൊതുകുകൾ വളരുന്ന സാഹചര്യം കൂടുതൽ. ഈഡിസ് വിഭാഗത്തിൽപെട്ട കൊതുക് പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിന് പിറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുന്നതിലൂടെ ഗുരുതരമാകുന്നത് തടയാം.
ചോറ്റാനിക്കരയിൽ പ്രതിരോധ നടപടികൾ ഉൗർജിതമാക്കി
ചോറ്റാനിക്കര: ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ചോറ്റാനിക്കര പഞ്ചായത്ത്.
പഞ്ചായത്തില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് അംഗങ്ങൾ, ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.
സ്കൂളുകള്‍, മറ്റ് സര്‍ക്കാര്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കൃത്യമായ ദിവസങ്ങളില്‍ ഡ്രൈഡേ ആചരിക്കും. എല്ലാ വാര്‍ഡുകളിലും ഫോഗിങ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ഡെങ്കിപ്പനി അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാൻ ലഘുലേഖ വിതരണം ചെയ്യും. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണം, അണുനശീകരണം, കിണറുകളില്‍ ക്ലോറിനേഷന് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ഡെങ്കിപ്പനി കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് കൃത്യമായ ഇടവേളകളില്‍ അവലോകനയോഗം ചേര്‍ന്ന് പഞ്ചായത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ആര് രാജേഷ് പറഞ്ഞു.
നിലവില്‍ പഞ്ചായത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മണീട്, തിരുവാണിയൂര്‍ പഞ്ചായത്തിനോട് ചേര്‍ന്നുവരുന്ന വാര്‍ഡുകളിലാണ്. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മണീട്, തിരുവാണിയൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുമായി യോഗം ചേര്‍ന്ന് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.