എറണാകുളത്ത് ഓക്സിജൻ വിതരണത്തിന് മോട്ടോർ വാഹന വകുപ്പ്
text_fieldsകാക്കനാട്: അടിയന്തര ഘട്ടങ്ങളിൽ ഓക്സിജൻ എത്തിക്കുന്നതിന് ഓപറേഷൻ ഓക്സിജൻ ടാങ്കർ ദൗത്യവുമായി മോട്ടോർ വാഹന വകുപ്പ്. ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യാനുപയോഗിക്കുന്ന ക്രയോജനിക് ടാങ്കറുകളാണ് ഇതിന് സജ്ജമാക്കിയത്. ദൗത്യത്തിെൻറ ഭാഗമായി മൂന്ന് ടാങ്കർ ലോറികളാണ് ആദ്യ ഘട്ടത്തിൽ സജ്ജമാക്കുന്നത്. സംസ്ഥാനത്ത് ഓക്സിജൻ വിതരണത്തിൽ ക്ഷാമം നേരിട്ടാൽ ഓക്സിജൻ കൊണ്ടുപോകുന്നതിനുള്ള സൗകര്യമൊരുക്കാനാണ് ദൗത്യം ആരംഭിച്ചത്.
എറണാകുളം ആർ.ടി.ഒ ഓഫിസിലെ അസി. വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ചന്തുവിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ ഉപയോഗിക്കാതിരുന്ന ഒമ്പത് ടൺ ശേഷിയുള്ള മൂന്ന് ക്രയോജനിക് ടാങ്കറുകൾ കണ്ടെത്തി. എറണാകുളം എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഷാജി മാധവെൻറ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളെത്തുടർന്നാണ് ദുരിതാശ്വാസ നിയമപ്രകാരം വാഹനങ്ങൾ പിടിച്ചെടുത്തത്.
അറ്റകുറ്റപ്പണിക്കായി ഇവ പുതുവൈപ്പിലെ പെട്രോനെറ്റ് പ്ലാൻറിലാണുള്ളത്. ഹൈഡ്രോ കാർബണിെൻറ അംശം പൂർണമായി ഒഴിവാക്കിയശേഷം പരിശോധന കഴിഞ്ഞായിരിക്കും ഓക്സിജൻ വിതരണത്തിന് ഉപയോഗിക്കുക.ഓക്സിജൻ വിതരണത്തിന് ഉത്തരേന്ത്യയിൽനിന്ന് വാഹനങ്ങളെത്തിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് എറണാകുളം ആർ.ടി.ഒയുടെ നേതൃത്വത്തിൽ ഓപറേഷൻ ഓക്സിജൻ ടാങ്കർ ദൗത്യം ആരംഭിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ ക്രയോജനിക് ടാങ്കർ ലോറികൾ പിടിച്ചെടുക്കുന്നതും മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്.
കാക്കനാട്: ശനിയാഴ്‌ചയാണ് എൽ.എൻ.ജി വിതരണത്തിനുപയോഗിക്കുന്ന മൂന്ന് ക്രയോജനിക് ടാങ്കറുകൾ അറ്റകുറ്റപ്പണിക്കായി പെട്രോനെറ്റിൽ എത്തിച്ചത്. സ്വകാര്യ കമ്പനിയുടെ പ്രതിനിധികളിൽനിന്ന് ടാങ്കർ ലോറികൾ ഏറ്റുവാങ്ങിയെങ്കിലും ലോക്ഡൗൺ ആയതിനാൽ ഡ്രൈവറുണ്ടായിരുന്നില്ല. തുടർന്ന്, എറണാകുളം എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഷാജി മാധവെൻറ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദൗത്യം ഏറ്റെടുത്തു. ഷാജി മാധവൻ, എറണാകുളം ആർ.ടി.ഒ ഷബീർ അലി, തൃപ്പൂണിത്തുറ ജോയൻറ് ആർ.ടി.ഒ ബി. ഷഫീഖ്, എ.എം.വി ആർ. ചന്തു എന്നിവർ ടാങ്കറുകൾ സ്വയം ഓടിച്ചാണ് വൈപ്പിനിൽ എത്തിച്ചത്. എം.വി.ഐമാരായ ലൂയിസ്, അമൽ ടോം, മനോജ്, എ.എം.വിമാരായ രജനീഷ്, സിബിമോൻ ഉണ്ണി എന്നിവർ ദൗത്യത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.