സുരക്ഷ നമ്പർ പ്ലേറ്റ് മാറ്റുന്നവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsകാക്കനാട്: നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി ന്യൂജൻ ബൈക്കുകളിൽ ചീറിപ്പായുന്ന ഫ്രീക്കൻമാർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയ വാഹനങ്ങളിൽനിന്ന് ഇവ മാറ്റി സാധാരണ നമ്പർ പ്ലേറ്റ് പിടിപ്പിക്കുന്നവർക്കെതിരെയാണ് തിരച്ചിൽ ശക്തമാക്കിയത്.
ഇത്തരത്തിൽ നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നതും നിയമവിരുദ്ധ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും തടയുന്നതിെൻറ ഭാഗമായാണ് അതിസുരക്ഷ നമ്പർ പ്ലേറ്റ് എന്ന ആശയം കൊണ്ടുവന്നത്. 2019 എപ്രിലിനുശേഷം നിർമിച്ച് വിതരണം ചെയ്ത വാഹനങ്ങളിൽ ഇവ നിർബന്ധമാക്കിയിരുന്നു.
വാങ്ങുമ്പോൾതന്നെ വാഹന ഡീലർമാർ അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചുനൽകുകയാണ് ചെയ്യുന്നത്. സ്ക്രൂ ചെയ്യുന്നതിന് പകരം റിവറ്റ് ചെയ്ത് ഉറപ്പിക്കുന്നതിനാൽ അഴിച്ചുമാറ്റാൻ കഴിയില്ല. വാഹന ഉടമയാണ് നിയമലംഘനം നടത്തുന്നതെങ്കിൽ 3000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കും. ഇത്തരത്തിൽ ശക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും റിവറ്റ് പൊട്ടിച്ച് കണ്ണിൽപെടാത്ത തരത്തിലുള്ളതോ സാധാരണ നമ്പർ പ്ലേറ്റുകളോ ഘടിപ്പിക്കുന്നവരെയാണ് പിടികൂടുന്നത്. മിക്കവാറും സൂപ്പർ ബൈക്കുകളിലും ഇതുപോലുള്ള നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നതെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി എടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.