മൂവാറ്റുപുഴ ടൗൺ റോഡ് വികസിപ്പിക്കുന്നു
text_fieldsമൂവാറ്റുപുഴ: ടൗൺ റോഡ് വികസനത്തിന് ജനുവരിയിൽ തുടക്കമാകും. റോഡിന്റെ പുനർനിർമാണ ടെൻഡർ നടപടികൾ പൂർത്തിയായി. ജനുവരി പകുതിയോടെ നിർമാണം ആരംഭിച്ച് 10 മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസമായിരുന്നു നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പ്രധാന തടസ്സമായത്. 35 പേരുടെ സ്ഥലമാണ് ഏറ്റെടുക്കാനുണ്ടായിരുന്നത്. ഇതിൽ നടപടി പൂർത്തിയായ 17 പേരുടെ സ്ഥലങ്ങൾ കേരള റോഡ് ഫണ്ട് ബോർഡിന് ചൊവ്വാഴ്ച കൈമാറി. ബാക്കിയുള്ള 17 പേരുടെ സ്ഥലങ്ങളുടെ ബാങ്ക് ഇടപാടുകൾ അടക്കം തീരാനുള്ളതിനാലാണ് ഏറ്റെടുക്കൽ വൈകുന്നത്. ബുധനാഴ്ച അഞ്ചുപേരുടെ സ്ഥലങ്ങൾകൂടി ഉടമകളിൽനിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത് നടപടികൾ പൂർത്തിയാക്കി കെ.ആർ.എഫ്.ബിക്ക് കൈമാറുമെന്നും എം.എൽ.എ പറഞ്ഞു.
രണ്ടാംഘട്ട നഗരറോഡ് വികസനത്തിന് 34 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റോഡ് നിർമാണത്തിന് 23 കോടിയും യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനടക്കം ഒമ്പത് കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട്ടെ പി.കെ. സുൽഫിക്കർ ഇൻഫ്രാസ്ട്രക്ചറിനാണ് കരാർ ലഭിച്ചത്. നേരത്തേ തയാറാക്കിയതിൽനിന്നും കാതലായ മാറ്റങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിൽ നാലുവരിപ്പാതകളും മീഡിയനുമടക്കം പുതുക്കിയ ടൗൺ വികസന രൂപരേഖയുടെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ.
വൈദ്യുതി - ജല വിതരണ സംവിധാനങ്ങൾക്ക് പ്രത്യേക പൈപ്പുകൾ സ്ഥാപിക്കും. റോഡ് നിർമാണ മുന്നോടിയായി വൈദ്യുതി പോസ്റ്റുകളും വാട്ടർ കണക്ഷനും ഷിഫ്റ്റ് ചെയ്യുന്ന നടപടി വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.
ചെലവ് 34.10 കോടി
സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ 34.10 കോടിയാണ് പദ്ധതി ചെലവ്. നഗരത്തിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാൻ 3.17 കോടി രൂപ വൈദ്യുതി ബോർഡിന് മാത്രം കിഫ്ബി അനുവദിച്ചു. മുമ്പ് 35 ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്. നഗരത്തിൽ പതിവായ വൈദ്യുതി മുടക്കവും പൊട്ടിയൊലിക്കുന്ന കുടിവെള്ള പൈപ്പുകളും ഇനി പഴങ്കഥയാവും. ഇതിനായി വൈദ്യുതി ലൈനുകളും കുടിവെള്ള-ടെലിഫോൺ ലൈനുകളും ഭൂമിക്കടിയിലൂടെയാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
2005ൽ എം.സി റോഡ് വികസന ഭാഗമായി നടക്കേണ്ട ടൗൺ റോഡ് വികസനമാണ് വിവിധ നൂലാമാലകളാൽ ഇത്രയും വൈകിയത്. ഒന്നാം ഘട്ടത്തിൽ കച്ചേരിത്താഴത്ത് അടക്കം കുറേ സ്ഥലങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ, ബാക്കി സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് വികസനം രണ്ടു പതിറ്റാണ്ടോളം വൈകിപ്പിച്ചത്.
ജനസഭ വിളിച്ചുചേർക്കും
മൂവാറ്റുപുഴ: നഗര റോഡ് വികസനത്തിന് പ്രദേശവാസികളുടെ അഭിപ്രായംകൂടി പരിഗണിക്കുമെന്ന് എം.എൽ.എ. ഇതിനായി ജനസഭ വിളിച്ചുചേർത്ത് അഭിപ്രായങ്ങൾ സ്വരൂപിക്കും. ഓൺലൈനിലും അഭിപ്രായം അറിയിക്കാം. ഇതിനു പുറമെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ നഗരത്തിലെ ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.