പള്ളിപ്പുറം മേഖലയിൽ വികസന പദ്ധതികൾ നടപ്പായില്ല; മുസ്രിസ് പദ്ധതി ഫണ്ട് ചെലവഴിച്ചത് വളരെ ശുഷ്കം
text_fieldsചെറായി: ചരിത്രവും പൈതൃകവും കൈകോര്‍ക്കുന്ന പള്ളിപ്പുറത്തിെൻറ വികസനവും ചരിത്രശിഷ്ടങ്ങളുടെ സംരക്ഷണവും മുസ്രിസ് പദ്ധതിയുമായി ബന്ധപ്പെടുത്തി അടിയന്തരമായി സാധ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പറവൂരിനെ അപേക്ഷിച്ച് മുസ്രിസ് പദ്ധതിയുടെ ഫണ്ട് പള്ളിപ്പുറം മേഖലയിൽ വളരെ ശുഷ്കമായി ചെലവഴിക്കുന്നതിനാൽ പ്രഖ്യാപിച്ച പല പദ്ധതികളും ഇന്നും പ്രാവര്‍ത്തികമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പള്ളിപ്പുറം വികസന സംരക്ഷണ ജനകീയ സമിതിയാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്.
പോർചുഗീസ്-ഡച്ച് ചരിത്രം പേറുന്ന കേരളത്തിലെ അപൂര്‍വം സ്മാരകങ്ങളിലൊന്നാണ് പള്ളിപ്പുറം കോട്ട. പുരാവസ്തു വകുപ്പിെൻറ കീഴിലുള്ള കോട്ട കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. കേരള ആംഗ്ലോ ഇന്ത്യന്‍ യൂത്ത് മൂവ്മെൻറാണ് ഏതാനും ദിവസങ്ങൾക്കു മുമ്പ് കോട്ട തുറക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.മുസ്രിസ് പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷം മുമ്പ് കോട്ടക്കരികിലുള്ള പുഴയിൽ ബോട്ട്ജെട്ടി നിർമിച്ചെങ്കിലും സംരക്ഷണമില്ലാതെ കാടുകയറി. മതിയായ സൗകര്യം ഇല്ലാത്തത് സഞ്ചാരികളെ വലക്കും.
പുരാതന സ്മാരകമായ പള്ളിപ്പുറം കോട്ടയിൽ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന രീതിയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, ചരിത്രപ്രസിദ്ധമായ മഞ്ഞുമാത ബസിലിക്കയുടെ ഭാഗമായ കടലാറ്റു കുരിശുപള്ളിയുടെ ചരിത്രത്തെക്കുറിച്ച് ഗവേഷകരുടെ അഭിപ്രായം കണക്കിലെടുത്ത് ചരിത്ര സ്മാരകമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുക, പള്ളിപ്പുറത്തെ നിർദിഷ്ട മിലിട്ടറി മ്യൂസിയം യാഥാര്‍ഥ്യമാക്കുക, മുസ്രിസ് പദ്ധതി മേഖലയായ കച്ചേരി മൈതാനം സംരക്ഷിച്ച് സൗന്ദര്യവത്കരണം നടത്തുക, കച്ചേരി മൈതാനിയിൽനിന്ന് മഞ്ഞുമാത ബസിലിക്കയിലേക്കുള്ള തകര്‍ന്ന റോഡ് പുനര്‍ നിർമിക്കുക എന്നിവയാണ് പള്ളിപ്പുറം വികസന സംരക്ഷണ ജനകീയ സമിതിയുടെ ആവശ്യങ്ങള്‍. ഇക്കാര്യം ചൂണ്ടിക്കാണ്ടി പൊതുജനങ്ങളിൽനിന്ന് ഒപ്പുശേഖരണം നടത്തി എം.എൽ.എക്കും പഞ്ചായത്ത് പ്രസിഡൻറിനും ഭീമഹരജി നൽകുമെന്ന് സമിതി ചെയര്മാന് വി.എക്സ്. ബനഡിക്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.