സ്ഥാനം തെറ്റി ആന്തരികാവയവങ്ങൾ: ശസ്ത്രക്രിയയിലൂടെ നവജാത ശിശുവിന് പുതുജീവൻ
text_fieldsകൊച്ചി: ഹൃദയവും കുടലും വലതു ഭാഗത്ത്, കരള്‍ ഇടതുഭാഗത്ത്. സ്ഥാനം തെറ്റിക്കിടക്കുന്ന ആന്തരികാവയവങ്ങൾക്കൊപ്പം ഹൃദയത്തിെൻറ ആന്തരികഭിത്തിയില്‍ നിരവധി ദ്വാരങ്ങളും. പാലക്കാട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് ജനിച്ചതിെൻറ പിറ്റേന്നാൾ അത്യപൂർവമായ സൈറ്റസ് ഇന്‍വേഴ്സസ് വിത്ത് ഡെക്സ്ട്രോകാര്‍ഡിയ എന്ന രോഗാവസ്ഥ കണ്ടെത്തിയത്. പാലക്കാട്ടുനിന്ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെത്തിച്ച കുഞ്ഞ് അടിയന്തരമായി നടത്തിയ പേസ്മേക്കർ ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക്.
ചുണ്ടില്‍ നീലനിറം കണ്ടതിനെ തുടര്‍ന്ന് നടത്തിയ ഇക്കോ ടെസ്റ്റിലാണ് കുഞ്ഞിന് അതിസങ്കീര്‍ണ ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയത്. ആസ്റ്ററിൽ നടത്തിയ ഇ.സി.ജി പരിശോധനയില്‍ കുഞ്ഞിെൻറ ഹൃദയത്തില്‍ പൂര്‍ണ ബ്ലോക്കും കണ്ടെത്തി, ഹൃദയമിടിപ്പും നന്നേ കുറവ്. ജീവന് രക്ഷിക്കാന്‍ ഹൃദയത്തില്‍ അടിയന്തരമായി പേസ്മേക്കര്‍ ഘടിപ്പിക്കുകയെന്നതായിരുന്നു ഏക പോംവഴിയെന്ന് ആസ്റ്റര്‍ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. അമിതോസ് സിങ് ബെയ്ദ്വാന്‍ പറഞ്ഞു.
പീഡിയാട്രിക് കാര്‍ഡിയോവാസ്കുലര്‍ ആന്‍ഡ് തൊറാസിക് സര്ജന് ഡോ. സാജന് കോശിയുടെ നേതൃത്വത്തില്‍ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ്, നിയോനാറ്റോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, അനസ്തേഷ്യ ടീം എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചത്.
പേസ്മേക്കര്‍ ശസ്ത്രക്രിയക്കുശേഷം കുഞ്ഞിെൻറ ഹൃദയതാളം സാധാരണനിലയിലായി. മിനിറ്റില്‍ 120 എന്ന നിരക്കില്‍ ഹൃദയമിടിപ്പ് മെച്ചപ്പെട്ടു. അടുത്ത ദിവസം മുതല്‍ മുലപ്പാല്‍ കുടിച്ചുതുടങ്ങി. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനുശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു. കുഞ്ഞിെൻറ മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ചികിത്സ വേണ്ടിവരും. മൂന്ന് മാസമാകുമ്പോള്‍ മറ്റൊരു ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.