പട്ടികയെത്തും മുമ്പേ 'കോൺഗ്രസിൽ പട'യൊരുക്കം
text_fieldsകൊച്ചി: സ്ഥാനാർഥി പട്ടികപ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴും കൊടുമ്പിരിക്കൊണ്ട് കോൺഗ്രസിലെ കലഹം. സ്ഥാനാർഥിയെ അനുകൂലിച്ചും പ്രതികൂലിച്ചും മണ്ഡലങ്ങളിൽ ഗ്രൂപ്പുകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രതിഷേധം ഉയർന്നു. ഇതോടെ പ്രചാരണത്തിെൻറ ആദ്യഘട്ടം സ്വന്തം പാളയത്തിലെ പടയെ മെരുക്കേണ്ട അമിതഭാരംകൂടി സ്ഥാനാർഥിയുടെ തലയിലായി. സ്ഥാനാർഥിപ്രഖ്യാപനത്തിന് തൊട്ട് മുമ്പ് പരസ്യപ്രതിഷേധം അരങ്ങേറിയത് തൃപ്പൂണിത്തുറയിലാണ്. ഇവിടെ മുൻമന്ത്രി കെ. ബാബുവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഗ്രൂപ് ഭേദമെന്യേ ശക്തമായി. കെ. ബാബു, കെ.സി. ജോസഫ് എന്നിവർക്ക് സീറ്റിനായി ഉമ്മൻ ചാണ്ടി ഹൈകമാൻഡിൽ സമ്മർദം ചെലുത്തുന്നതായ വാർത്തകൾ വന്നതിെൻറ പിറകെയാണ് പള്ളുരുത്തിയിൽ നൂറോളം പേർ പങ്കെടുത്ത ജാഥ നടന്നത്.
പ്രതിച്ഛായ കളഞ്ഞുകുളിച്ച ബാബുവിനെ വേണ്ടെന്ന് പോസ്്റ്ററുകൾ നിരന്ന മണ്ഡലത്തിലാണ് ഇപ്പോൾ അദ്ദേഹത്തെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാകുന്നതെന്നതാണ് വൈരുദ്ധ്യം. കെട്ടിയിറക്കിയ സ്ഥാനാർഥിയെ വേണ്ടെന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം അരങ്ങേറിയത്. മുൻമേയർ സൗമിനി ജയിൻ, ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വേണു രാജമണി എന്നിവരാണ് മണ്ഡലത്തിലേക്ക് പരിഗണിച്ച മറ്റുപേരുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7189വോട്ടിനാണ് എം. സ്വരാജ് ബാബുവിനെ തോൽപ്പിച്ചത്. മൂവാറ്റുപുഴയിൽ ജോസഫ് വാഴക്കന് സീറ്റ് നിഷേധിച്ചെന്ന അഭ്യൂഹത്തോടെ ഐ ഗ്രൂപ് ഇടഞ്ഞുനിൽക്കുകയാണ്. ഇവിടെ പ്രതിഷേധ പ്രകടനവും നടന്നു. വൈപ്പിൻ മണ്ഡലത്തിലെ നേതാക്കൾക്ക് സീറ്റ് നിഷേധിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി മണ്ഡലം പ്രസിഡൻറുമാരുൾപ്പെടെ പരസ്യമായി രംഗത്തെത്തി.
സ്ഥാനാർഥി നിർണയത്തിനും മുമ്പേ തൃക്കാക്കരയിൽ പി.ടി. തോമസ് പ്രചാരണം തുടങ്ങിയതാണ്. ഇവിടെയല്ലാതെ മറ്റെവിടെയും താൻ മത്സരിക്കില്ലെന്ന് അദ്ദേഹം പരസ്യ പ്രഖ്യാപനവും നടത്തി. പ്രചാരണത്തിൽ താൻ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്ഥാനാർഥിയെച്ചൊല്ലി കോൺഗ്രസിൽ കലഹം പതിവാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇക്കുറി അതിന് അയവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പ്രചാരണത്തിനിറങ്ങുന്നതിനിടെ കലഹവും അടിയൊഴുക്കുകളും തടയിടാനുള്ള തിരക്കിട്ട ചർച്ചകൾക്ക് നേതൃത്വം തന്നെ മുൻകൈയെടുക്കേണ്ട സ്ഥിതിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.