'ഞങ്ങളും കൃഷിയിലേക്ക്' ജില്ലതല കാമ്പയിൻ ഉദ്ഘാടനം ചെയ്തു
text_fieldsകാക്കനാട്: കേരളത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിന്റെ ജില്ലതല ഉദ്ഘാടനം നടത്തി. കാക്കനാട് നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഈ സാമ്പത്തിക വർഷം ജില്ലയിൽ 200 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓപറേഷൻ വാഹിനി, ബ്രേക്ക് ത്രൂ തുടങ്ങിയ പദ്ധതികൾവഴി കൃഷിക്ക് അനുയോജ്യമായ സൗകര്യങ്ങൾ സൃഷ്ടിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ തരിശുഭൂമികളിലും കൃഷി ആരംഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി 'ഞങ്ങളും കൃഷിയിലേക്ക്' പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന കലാജാഥയുടെ ഫ്ലാഗ്ഓഫ് ജില്ല ഡെവലപ്ന്റ് കമീഷണർ എ. ഷിബു നിർവഹിച്ചു.
പൊതുജനങ്ങൾക്കായി നടത്തിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം സിനിമതാരം അഞ്ജലി നായർ നിർവഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സമിതി ചെയർപേഴ്സൻ റാണിക്കുട്ടി ജോർജ്, സ്മിത സണ്ണി, സുനീറ ഫിറോസ്, ഡോ. കെ.പി. രഞ്ജിത്, കെ.ബി. വേണുഗോപാലൻ നായർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷീല പോൾ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി. അനിത കുമാരി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.