ഒ.പി ബഹിഷ്കരണം പൂർണം; രോഗികൾ വലഞ്ഞു
text_fieldsകൊച്ചി: ആയുർവേദ പോസ്റ്റ് ഗ്രാജ്വേറ്റുമാർക്ക് വിവിധതരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിെൻറ ഉത്തരവിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സംഘടിപ്പിച്ച ഒ.പി ബഹിഷ്കരണം ജില്ലയിലും പൂർണം. ജില്ല-താലൂക്ക് ആശുപത്രികളിൽ രാവിലെ മുതൽതന്നെ ഒ.പി പ്രവർത്തിച്ചില്ല.
ഡോക്ടർമാരുടെ പ്രതിഷേധമറിയാതെ വിദൂരസ്ഥലങ്ങളിൽനിന്നുപോലും ഒ.പികളിലെത്തിയ നിരവധി രോഗികൾ വലഞ്ഞു. കോവിഡ് ആശുപത്രിയായി മാറ്റിയ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഒ.പികൾ ഇപ്പോൾ പ്രവർത്തിക്കാത്തതിനാൽ പ്രതിഷേധ സൂചകമായി ഡോക്ടർമാർ പ്രകടനം നടത്തി. ഐ.എം.എ, കെ.ജി.എം.സി.എ, കെ.ജി.എം.ഒ.എ തുടങ്ങി ഡോക്ടർമാരുടെയും മറ്റ് അനുബന്ധമേഖലകളിലെയും ജീവനക്കാർ പ്രതിഷേധിച്ചു.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ കോവിഡ് ബാധിതരുടെ ചികിത്സകൾ, അത്യാഹിത-അടിയന്തര സ്വഭാവമുള്ള സർവിസുകൾ, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻ പേഷ്യൻറ് കെയർ, ഐ.സി.യു കെയർ തുടങ്ങിയ ജോലികൾ ഒഴികെ ബഹിഷ്കരിച്ചായിരുന്നു സമരം. എന്നാൽ, ഡോക്ടർമാരുടെ സമരം ഇൻ പേഷ്യൻറ് വിഭാഗങ്ങളിലുൾപ്പെടെ ബാധിച്ചു. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ രാവിലെ നടന്ന പ്രതിഷേധയോഗം ജില്ല പ്രസിഡൻറ് ഡോ. ഉന്മേഷ് ഉദ്ഘാടനം ചെയ്തു.
ഐ.എം.എ ജില്ല ഘടകത്തിെൻറ നേതൃത്വത്തിൽ നടന്ന ഒ.പി ബഹിഷ്കരണവും തുടർന്ന് നടന്ന പ്രതിഷേധവും ജില്ല പ്രസിഡൻറ് ഡോ. പി.വി. രവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. അതുൽ, മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.