നൽകിയത് ഒരുവൃക്ക; ഒന്നായി ഒരുപാട് ഹൃദയങ്ങൾ
text_fieldsകൊച്ചി: ഒരു വൃക്കദാനത്തിലൂടെ ഒരുപാട് ഹൃദയങ്ങൾ ഒന്നായ കഥപറയും ഡോ. സഖി ജോണും ഷാജു പോളും. അഞ്ചുവർഷം മുമ്പ് ജോണിെൻറ ഇടത്തെ വൃക്ക ഷാജുവിൽ വെച്ചുപിടിപ്പിച്ചപ്പോഴാണ് നിശ്ചലമാകുമെന്ന് ഉറപ്പിച്ച ആ ജീവൻ വീണ്ടും മിടിച്ചുതുടങ്ങിയത്. പിന്നെ, രണ്ടുകുടുംബങ്ങൾക്കും ഒരേ ഹൃദയതാളമായി. പറ്റുേമ്പാഴൊക്കെ ഒന്നിച്ചൊരു കൂടലായി.
മഴ മുറിയാതെ പെയ്ത ഇന്നലെയും അവർ ഒരുമിച്ചുകൂടി. ആലുവ തോട്ടുംമുഖം വൈ.എം.സി.എയിൽ, നിറഞ്ഞൊഴുകുന്ന പെരിയാറിെൻറ തീരത്ത്. കോവിഡ് ഒത്തുചേരലിന് തടസ്സം തീർത്ത നാളുകൾക്ക് ഒടുവിൽ പരസ്പരം തൊട്ടറിയാൻ കിട്ടിയ വേളക്ക് അങ്ങനെ ഇരട്ടിയായി മധുരം. ഡൽഹി ജാമിഅ ഹംദർദ് സർവകലാശാലയിൽ പ്രഫസറാണ് സഖി ജോൺ. തൃശൂർ പീച്ചി മൈലാടുംപാറ മാനാക്കുഴിയിൽ പശുവളർത്തലുമായി കഴിയുന്ന കർഷകനാണ് ഷാജു.
'വീട്ടിലെ പശുക്കൾക്കൊക്കെ സുഖമല്ലേ'-കളിയായി ജോണിെൻറ ചോദ്യം. പശുക്കൾ ഉള്ളതിനാൽ എത്രയും പെട്ടെന്ന് ഷാജു വീടണയാൻ തിടുക്കം കൂട്ടുമെന്ന പരിഭവമുണ്ട് ആ വാക്കുകളിൽ. 'സാർ, വലിയൊരു വണ്ടി അയച്ചുതന്നിരുന്നെങ്കിൽ നാലു പശുക്കളെയും കൂട്ടി ഞാൻ വരുമായിരുന്നു' -ചുറ്റും ചിരിപടർത്തി ഷാജുവിെൻറ മറുപടി. ചിരിക്കൂട്ടത്തിൽ ജോണിെൻറ ഭാര്യ സിമിയും ഇളയമകൻ നോയലും ഷാജുവിെൻറ ഭാര്യ ഷിബിയുമുണ്ട്.
2004ൽ വൃക്കരോഗം പിടിപെട്ടതാണ് ഷാജുവിന്. 98 ഡയാലിസിസുകൾ നടത്തി ജീവിതവഴികളെല്ലാം അടഞ്ഞ് മരണം ഉറപ്പിച്ച നാളുകൾ. ഒരു പത്രത്തിൽനിന്ന് ഷാജുവിെൻറ അവസ്ഥയറിഞ്ഞ് വൃക്കദാനത്തിന് ഒരുങ്ങിയെത്തിയതാണ് ജോൺ. പരിശോധനകൾക്ക് ഒടുവിൽ 95 ശതമാനം പൊരുത്തമാണ് ഇരുവർക്കും കണ്ടെത്തിയത്. പീച്ചിയിൽ ഷാജുവിെൻറ നാട്ടുകാർ പിരിച്ചുനൽകിയ 20 ലക്ഷം രൂപക്ക് എറണാകുളത്ത് ശസ്ത്രക്രിയ നടത്തി. 2016 ഡിസംബർ 28ന്.
'എെൻറ പിതാവിെൻറ കണ്ണുകൾ ദാനംചെയ്തിരുന്നു. അതിന് പത്തുവർഷം കഴിഞ്ഞ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒരിക്കൽ എന്നോട്, പിതാവിെൻറ കണ്ണിലൂടെ ഒരാൾ ഇപ്പോഴും കാണുന്നുണ്ടെന്ന് പറഞ്ഞു. അതോടെ, നാം മരിച്ചാലും എന്തെങ്കിലും അവശേഷിപ്പിക്കണമെന്ന ആഗ്രഹം കൂടി' -വൃക്കദാനത്തിലേക്ക് എത്തിയ വഴികൾ ജോൺ പറയുന്നു.
ഡൽഹിയിൽ കോവിഡ് പ്രതിരോധത്തിന് മുന്നണിപ്പോരാളിയാണ് ജോൺ. 'ദീപാലയം' സ്കൂളുകളിലൂടെ 5000 തെരുവ് കുട്ടികൾക്ക് വിദ്യാഭ്യാസവും നൽകുന്നു. മറ്റൊരു മകൻ ജോയൽ സഖി മേധാ പട്കറിെൻറ മീഡിയ കോഓഡിനേറ്ററാണ്. ഷാജുവിന് രണ്ടാണ് മക്കൾ. ആൽബിനും ഏഞ്ചലും. അവയവദാനത്തിെൻറ നടപടി ലഘൂകരിക്കണമെന്നാണ് ജോണിെൻറ പക്ഷം. ഷാജു വിവരിക്കുന്നത് വൃക്ക സ്വീകരിച്ചയാൾ ഓരോ മാസവും 12,000 രൂപ ജീവൻരക്ഷ മരുന്നുകൾക്കായി ചെലവഴിക്കേണ്ടിവരുന്ന ദുരവസ്ഥയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.