ഡോ. കെ.ആർ. വിശ്വംഭരൻ: ഇടപെടലിൽ ജനകീയൻ... കർമപഥത്തിൽ മഹാരാജകീയൻ
text_fieldsകൊച്ചി: ഡോ. കെ.ആർ. വിശ്വംഭരെൻറ നിര്യാണത്തോടെ എറണാകുളം ജില്ലക്കാർക്കും മഹാരാജാസ് കോളജുകാർക്കും നഷ്ടമാവുന്നത് ഏറെ പ്രിയപ്പെട്ട കെ.ആർ.വിയെ. താൻ പഠിച്ച മഹാരാജാസ് കോളജിെൻറ അഭിവൃദ്ധിക്കും ഉയർച്ചക്കുമായി കഴിവിെൻറ പരമാവധി ചെയ്തിരുന്നു അദ്ദേഹം. എം.എസ്സി ബോട്ടണിയാണ് ഇവിടെ പഠിച്ചത്. അന്ന് ജൂനിയറായിരുന്ന നടൻ മമ്മൂട്ടി അവസാനകാലം വരെ അടുത്ത സുഹൃത്തായിരുന്നു.
2008ൽ ഏഷ്യയിലെ ഏറ്റവും വലിയ പൂർവവിദ്യാർഥി സംഗമമായ മഹാരാജകീയം ഭംഗിയായി സംഘടിപ്പിക്കാൻ വിശ്വംഭരെൻറ നേതൃത്വത്തിനായി.
ആയിരങ്ങൾ പങ്കെടുത്ത ഈ സംഗമം പിന്നീട് മറ്റു പല കലാലയങ്ങളും ഏറ്റുപിടിച്ചു. മഹാരാജകീയം 2012ലും 2017ലും നടത്താൻ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. കോളജിെൻറ പൂർവവിദ്യാർഥി സംഘടനയായ മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡൻറ് അസോസിയേഷൻ പ്രസിഡൻറായി അഞ്ചുതവണയും ജനറൽ കൺവീനറായി ഒരുതവണയും പ്രവർത്തിച്ചു.
കോളജ് പുനരുദ്ധാരണ കമ്മിറ്റി ചെയർമാനെന്ന നിലക്ക് ഈ കലാലയത്തിെൻറ പ്രൗഢിയും പൗരാണികതയും നിലനിർത്തുന്നതിൽ അങ്ങേയറ്റം ബദ്ധശ്രദ്ധനായിരുന്നു ഈ മഹാരാജാസുകാരൻ.ജനകീയ ഇടപെടലുകളിലൂടെയാണ് എറണാകുളം കലക്ടറെന്ന നിലയിൽ അദ്ദേഹം ഇന്നാട്ടുകാരുടെ മനസ്സിലിടം പിടിച്ചത്. 1999 ഏപ്രിൽ ആറിന് കലക്ടറായി ചുമതലയേറ്റ വിശ്വംഭരൻ 2001 ജൂൺ എട്ടുവരെയാണ് ഈ പദവിയിലിരുന്നത്.
കലക്ടറെന്നാൽ നാട്ടുകാരുടെ മനസ്സിലുണ്ടായിരുന്ന ഗൗരവം നിറഞ്ഞ പ്രതിബിംബം മാറ്റിമറിച്ച് എല്ലാവരോടും ചിരിച്ചും സൗമ്യനായി ഇടപെട്ടുമാണ് ഈ രണ്ടുവർഷവും അദ്ദേഹം പ്രവർത്തിച്ചത്. ദുഃഖം നിറഞ്ഞ മുഖത്തോടെ പരാതിയുമായി എത്തുന്ന എല്ലാവരുടെയും പ്രശ്നങ്ങൾ കേട്ടും പരിഹാരം നിർദേശിച്ചും ആശ്വാസവാക്ക് പറഞ്ഞും ഈ കലക്ടർ അവരെ തെളിഞ്ഞ മുഖത്തോടെ തിരിച്ചയച്ചു. തന്നെകൊണ്ട് ഉടനടി ചെയ്യാനാവുന്ന കാര്യങ്ങളാണെങ്കിൽ അപ്പോൾതന്നെ ചെയ്തുകൊടുക്കാനും അല്ലാത്ത പ്രശ്നങ്ങൾക്ക് അതത് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിഹാര നടപടി ഉറപ്പാക്കാനും ഇദ്ദേഹം മറക്കാറില്ല.
സാധാരണക്കാരായ ആയിരക്കണക്കിന് അർബുദബാധിതർക്ക് ആശ്വാസമെന്നോണം കൊച്ചി കാൻസർ സെൻറർ തുടങ്ങുന്നതിന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെൻറ് മുന്നിട്ടിറങ്ങിയപ്പോൾ അതിെൻറ വൈസ് ചെയർമാനായി മുൻനിരയിലുണ്ടായിരുന്നു ഡോ. കെ.ആർ. വിശ്വംഭരൻ.
മമ്മൂട്ടിയുമായി മായാത്ത സൗഹൃദം
കൊച്ചി: പ്രവൃത്തിപഥത്തിലെല്ലാം ശോഭിച്ചതുപോലെ ഡോ.കെ.ആർ. വിശ്വംഭരൻ അറിയപ്പെടുന്നത് മലയാളത്തിെൻറ പ്രിയനടൻ മമ്മൂട്ടിയുമായുള്ള സൗഹൃദത്തിെൻറ പേരിൽ കൂടിയാണ്. പതിറ്റാണ്ടുകൾക്കു മുമ്പ് മഹാരാജാസ് കോളജിൽ തുടങ്ങിയ ആ സ്നേഹ സൗഹൃദമാണ് കെ.ആർ. വിശ്വംഭരെൻറ ആശുപത്രി കിടക്കയിൽ വേദനയോടെ അദ്ദേഹത്തെ എത്തിച്ചത്. പ്രിയ സുഹൃത്തിെൻറ ഭൗതികശരീരം അവസാനമായി ഒരു നോക്കു കാണാൻ ഇടപ്പള്ളിയിലെ വസതിയിലും മമ്മൂട്ടിയെത്തി.
വിശ്വംഭരൻ എം.എസ്സി ബോട്ടണിയും മമ്മൂട്ടി ബി.എ അറബിക്കുമാണ് പഠിച്ചതെങ്കിലും കലാ,സാംസ്കാരിക ഇടങ്ങളിലൂടെയായിരുന്നു സൗഹൃദത്തിെൻറ തുടക്കം. പിന്നീട് ആഴത്തിലുള്ള ആത്മബന്ധമായും പരസ്പരം സ്വാതന്ത്ര്യത്തോടെ ഇടപെടാനുള്ള അടുപ്പമായും ബന്ധം വളർന്നു. 1975ൽ മഹാരാജാസ് കോളജിന് 100 വർഷം തികഞ്ഞപ്പോൾ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച 'ആന്ദോളനം' നാടകത്തിൽ ഇരുവരും വേഷമിട്ടു. ജിമ്മിയായി മമ്മൂട്ടിയെത്തിയപ്പോൾ പ്രധാനകഥാപാത്രമായ മേജർ വില്യംസിെൻറ ഡ്രൈവർ രാഘവനായാണ് കെ.ആർ.വിശ്വംഭരൻ വേദിയിലെത്തിയത്. ആൻറണി പാലയ്ക്കൻ സംവിധാനം ചെയ്ത നാടകം നിറഞ്ഞ കൈയടികളോടെ നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടു. തുടർന്ന് പഠിച്ച ലോ കോളജിലും ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകനും ഇരുവരുടെയും സുഹൃത്തുമായ രവി കുറ്റിക്കാട് എഴുതിയ 'എന്ത് ചെയ്യണം' എന്ന നാടകത്തിലും ഇരുവരും അഭിനയിച്ചു. മമ്മൂട്ടി ആർ. ടി ഓഫിസറായപ്പോൾ വിശ്വംഭരൻ അഭിഭാഷക വേഷത്തിലായിരുന്നു. സർവകലാശാല തലത്തിൽ കോളജിൽ നടന്ന ഏകാംഗ നാടകമത്സരത്തിൽ 'എന്ത് ചെയ്യണം' ഒന്നാം സ്ഥാനം നേടി. മമ്മൂട്ടി ലോ കോളജ് ആർട്സ് ക്ലബ് സെക്രട്ടറിയായപ്പോൾ വിശ്വംഭരനുമായി ചേർന്ന് തെരുവ് ഗായകരുടെ സംഗീതവിരുന്ന് ഒരുക്കി ക്ലബ് ഉദ്ഘാടനത്തിലും വ്യത്യസ്തത കൊണ്ടുവന്നു.
മന്ത്രി പി.രാജീവ് രാജ്യസഭാംഗമായി പിരിഞ്ഞ സമയത്ത് ബി.ടി.എച്ചിൽ ഒരുക്കിയ സ്വീകരണ പരിപാടിയുടെ സംഘാടനത്തിൽ മുന്നിൽ നിന്നതും ഇരുവരുമാണ്. വിശ്വംഭരനെ കാറിലിരുത്തി മമ്മൂട്ടി ഡ്രൈവ് ചെയ്യുന്നത് സ്ഥിരം കാഴ്ചയായിരുന്നെന്നും മമ്മൂട്ടിയെ ഡ്രൈവറായി ലഭിച്ച ഭാഗ്യവാനാണ് അദ്ദേഹമെന്ന് വിശേഷിപ്പിക്കാറുണ്ടെന്നും മന്ത്രി രാജീവ് ഫേസ്ബുക്കിലിട്ട ഓർമക്കുറിപ്പിൽ പറയുന്നു.
മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയറിെൻറ ഡയറക്ടർമാരിലൊരാൾ കൂടിയായിരുന്നു വിശ്വംഭരൻ. ഈ സംഘടന അടുത്തിടെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി തുടങ്ങിയ പദ്ധതിയിലേക്ക് 100 പുതിയ സ്മാർട്ട്ഫോണുകൾ സംഘടിപ്പിച്ചു നൽകിയതിന് പിന്നാലെയാണ് വിശ്വംഭരൻ രോഗശയ്യയിലായത്. വൈകീട്ട് ഏഴോടെയാണ് പ്രിയസുഹൃത്തിന് ആദരാഞ്ജലിയർപ്പിക്കാൻ മമ്മൂട്ടിയെത്തിയത്. ഹൈബി ഈഡൻ എം.പിയുൾെപ്പടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.