ഓണക്കാലത്തും റേഷൻ വിതരണം മുടങ്ങി
text_fieldsമട്ടാഞ്ചേരി: കാർഡുടമകളെ വലച്ച് ഓണക്കാലത്തും റേഷൻ വിതരണം മുടങ്ങി. തൊഴിലാളി സമരം മൂലമാണ് റേഷൻ വിതരണം മുടങ്ങിയത്.
വാതിൽപടി റേഷൻ വിതരണം നടത്തുന്ന കരാറുകാർക്ക് കൂലി ലഭിക്കാത്തതാണ് ഇത്തവണയും സമരത്തിനിടയാക്കിയത്. കഴിഞ്ഞ നാല് മാസമായി സർക്കാർ നൽകേണ്ട വാതിൽപ്പടി വിതരണ കൂലി നൽകാത്തത് മൂലം തുടർച്ചയായി എല്ലാ മാസവും സമരം മൂലം വിതരണ സ്തംഭനം തുടരുകയാണ്.
സമര പ്രതിസന്ധിയിൽ കരാറുകാരുമായി ഒത്തുതീർപ്പുണ്ടാക്കുമെങ്കിലും അത് പാലിക്കപ്പെടാത്തതാണ് തുടർസമരങ്ങൾക്കിടയാക്കുന്നതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. കൂലി കുടിശ്ശികയെ തുടർന്ന് റേഷൻ വാതിൽപടി തൊഴിലാളികളും വണ്ടി ഉടമകളും സമരം തുടങ്ങിയതോടെ റേഷൻ വിതരണം സ്തംഭനാവസ്ഥയിലാണ്. എഫ്.സി ഐ ഗോഡൗണിൽനിന്ന് സാധനങ്ങൾ കയറ്റിറക്ക് നടത്തുന്ന തൊഴിലാളികളും സാധനങ്ങൾ റേഷൻ കടകളിലേക്ക് എത്തിക്കുന്ന ലോറി ഉടമകളുമാണ് സമരത്തിലുള്ളത്.
ഇവർക്ക് മാസങ്ങളായി കൂലിയോ വണ്ടി വാടകയോ കരാറുകാർ നൽകുന്നില്ല. കരാറുകാർക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക നൽകാത്തതാണ് തൊഴിലാളികൾക്ക് കൂലി കുടിശ്ശിക വരാൻ കാരണമെന്നാണ് കരാറുകാർ പറയുന്നത്. ഇനി അവധി ദിനങ്ങൾ കഴിഞ്ഞ് ബുധനാഴ്ച മുതൽ മാത്രമേ റേഷൻ കടകളിൽ സാധനങ്ങൾ വിതരണം നടക്കുകയുള്ളു.
റേഷൻ സാധനങ്ങൾ എത്താതായതോടെ ഓണക്കാലത്തും പല കടകളും തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. റേഷൻ സാധനങ്ങൾ വാങ്ങാൻ കാർഡ് ഉടമകൾ എത്തുമ്പോൾ സാധനങ്ങൾ ഇല്ലായെന്ന് പറയുന്നത് മൂലം വ്യാപാരികളും കാർഡ് ഉടമകളും തമ്മിൽ വാക്കേറ്റമുണ്ടാകുന്നുമുണ്ട്. സമരം തുടർന്നാൽ അത് റേഷൻ വിതരണത്തെ കാര്യമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.