എടയാറ്റുചാലിലേക്ക് പെരിയാറിൽനിന്ന് വെള്ളമെത്തിക്കൽ; മോട്ടോർ സ്ഥാപിക്കുന്നത് മാലിന്യ കേന്ദ്രത്തിലെന്ന് ആക്ഷേപം
text_fieldsകടുങ്ങല്ലൂർ: ജില്ലയിലെ തന്നെ വിശാലമായ പാടശേഖരമായ എടയാറ്റു ചാലിലേക്ക് പെരിയാറിൽ നിന്ന് വെള്ളമെത്തിക്കാൻ മോട്ടോർ സ്ഥാപിക്കാൻ കണ്ടെത്തിയത് വ്യവസായ ശാലകളിലെ രാസമാലിന്യം വന്നടിയുന്ന സ്ഥലമെന്ന് ആക്ഷേപം. മോട്ടോർ സ്ഥാപിക്കൽ, ചാലുകൾ വൃത്തിയാക്കൽ തുടങ്ങിയവക്കായി നാല് കോടിയോളം രൂപയാണ് ചെലവഴിക്കാൻ പോകുന്നത്.
ജലസേചന വകുപ്പാണ് 2.5 കോടിയോളം ചെലവഴിച്ച് മോട്ടോർ സ്ഥാപിച്ച് എടയാറ്റുചാലിലേക്ക് വെള്ളം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. സോയിൽ കൺസർവേഷന്റെ 1.5 കോടി രൂപ മുടക്കിയാണ് ചാലുകൾ ശുചീകരിക്കുന്നത്. കാർഷികാവശ്യത്തിന് പെരിയാറിൽ നിന്ന് വെള്ളം എത്തിച്ചിരുന്ന പരമ്പരാഗത ചാക്കാലതോട് വ്യവസായ മാലിന്യങ്ങൾ നിറഞ്ഞ് വർഷങ്ങൾ മുമ്പ് ഒഴുക്ക് നിലച്ചിരുന്നു. പെരിയാറിലെ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തോടെ തോട് മൂടി പോകുകയും ചെയ്തു. നിലവിൽ എടയാറ്റുചാലിലെ വലിയൊരു ഭാഗത്ത് ആലപ്പുഴ ജില്ലയിൽ നിന്നുള്ള സംഘം നെൽകൃഷി ചെയ്യുന്നുണ്ട്. കൃഷിഭൂമിയിലേക്ക് വെള്ളമെത്തിക്കാനും പരമ്പരാഗത തോടുകൾ പുനഃരുദ്ധരിക്കാനുമാണ് സോയിൽ കൺസർവേഷൻ പദ്ധതി തയാറാക്കിയിട്ടുള്ളത്.
പദ്ധതി എടയാർ, മുപ്പത്തടം, എരമം പ്രദേശത്തെ ജനങ്ങൾക്ക് വളരെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, റെഗുലേറ്റർ കം ബ്രിഡ്ജിന് തൊട്ടു മുകളിലായി മലിനജലം വന്ന് കെട്ടി നിൽക്കുന്ന ഭാഗത്താണ് മോട്ടോർ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇത് എടയാറ്റുചാലിൽ വീണ്ടും മലിനജലം അടിഞ്ഞുകൂടാനേ വഴിവെക്കൂവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പാലത്തിന് മുകളിൽ കെട്ടിനിൽക്കുന്ന വെള്ളം തുറന്ന് വിടുന്ന സമയങ്ങളിലൊക്കെ പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങുന്നത് പതിവാണ്. ഈ വിഷമാലിന്യമാണ് മോട്ടോർ വഴി എടയാറ്റുചാലിലേക്ക് അടിച്ചു കയറ്റാൻ ഒരുങ്ങുന്നത്. റഗുലേറ്റർ കം ബ്രിഡ്ജിന് തൊട്ടുമുകളിൽ മോട്ടോർ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് നാസ്സർ എടയാറും എരമം വാർഡ് പ്രസിഡന്റ് ടി.കെ. ചന്ദ്രനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.