തൊഴിൽ തട്ടിപ്പുകൾ വ്യാപകം; ‘പണി’കിട്ടാതെ നോക്കണേ...
text_fieldsകൊച്ചി: കൊച്ചി മെട്രോയുടേത് മുതൽ കലക്ടറേറ്റിന്റെ വരെ പേരിൽ തട്ടിപ്പ്, അന്തർസംസ്ഥാനങ്ങളിൽ മുതൽ വിദേശ രാജ്യങ്ങളിൽ വരെ ജോലി വാഗ്ദാനം ചെയ്ത് ചൂഷണം. തൊഴിൽ വാഗ്ദാനം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ജില്ലയിൽ അവസാനിക്കുന്നില്ല.
തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ നിസ്സഹായത ചൂഷണം ചെയ്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിലെ അറിയപ്പെടുന്നവർ മുതൽ ഒരു അഡ്രസുമില്ലാത്ത ഓൺലൈൻ ആപ്പുകൾ വഴി വരെ തൊഴിൽ തട്ടിപ്പുകൾ നടക്കുന്നുണ്ട്. വ്യാഴാഴ്ച മാത്രം എറണാകുളത്ത് മൂന്ന് കേസിൽ അറസ്റ്റുണ്ടായിട്ടുണ്ട്. യു.കെ, ന്യൂസിലൻഡ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റം വ്യാപകമായ കാലഘട്ടമായതിനാൽ വിദേശജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും നിരവധി. ലക്ഷങ്ങളാണ് പലരിൽനിന്ന് നഷ്ടപ്പെട്ടത്.
വിവിധ സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളുടെ വ്യാജരേഖകൾ കാണിച്ച് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്നും വൻ തുക കൈപ്പറ്റി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളും ഇടനിലക്കാരും കഴിഞ്ഞ ദിവസം ജില്ലയിൽ അറസ്റ്റിലായിരുന്നു. കൊച്ചി മെട്രോയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു 11 ലക്ഷം രൂപ കൈപ്പറ്റിയത്.
ഇവരിലൂടെ കാംകോ, ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജ്, സിവിൽ സപ്ലൈസ് കോർപറേഷൻ, ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോളജുകൾ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ ജോലിക്കായി വൻ തുക നൽകി വഞ്ചിതരായവരുണ്ടെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് കലക്ടറേറ്റില് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3500 രൂപ വാങ്ങിയ പ്രതിയും പിടിയിലായി. വ്യത്യസ്ത കേസുകളിലായി കാനഡ, അബൂദബി എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയവരെയും അറസ്റ്റ് ചെയ്തു. 18.26 ലക്ഷമാണ് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതി തട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
2.58 ലക്ഷം രൂപ അബൂദബിയിൽ ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു പ്രതിയും കൈപ്പറ്റി. ഉദ്യോഗാർഥികളോട് ആരെങ്കിലും അനാവശ്യമായി പണം ആവശ്യപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ മറ്റോ ചെയ്യുന്ന സംഭവങ്ങളുണ്ടായാൽ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയാണ് വേണ്ടത്.
ഉദ്യോഗാർഥികളേ ശ്രദ്ധിക്കൂ...
നിയമാനുസൃത തൊഴിലുടമകൾ ഉദ്യോഗാർഥികളിൽനിന്ന് പണം ആവശ്യപ്പെടാറില്ല. റിക്രൂട്ടർ മുൻകൂർ പണം ചോദിച്ചാൽ തട്ടിപ്പ് സംശയിക്കാം.അവ്യക്തമായ തൊഴിൽ വിവരണങ്ങൾ, ശരിയല്ലെന്ന് തോന്നുന്ന ജോലി വാഗ്ദാനം എന്നിവയിൽ ജാഗ്രത പാലിക്കണം. തൊഴിലന്വേഷകരെ ആകർഷിക്കാൻ തട്ടിപ്പുകാർ ഇത്തരം വിവരണങ്ങൾ ഉപയോഗിക്കാറുണ്ട്.
എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന വാഗ്ദാനം- കുറഞ്ഞ പ്രയത്നത്തിൽ എളുപ്പത്തിൽ വലിയ തുക കരസ്ഥമാക്കാമെന്ന് പറയുന്നത് തട്ടിപ്പ് തന്ത്രമാണ്. നിയമാനുസൃത ജോലികൾക്ക് പരിശ്രമവും കഠിനാധ്വാനവും ആവശ്യമാണെന്ന് തിരിച്ചറിയുക.ഒരു റിക്രൂട്ടർ ഉദ്യോഗാർഥിയെ നിയമിക്കുന്നതിന് മുമ്പ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലുള്ള വിശദാംശങ്ങൾ അഭ്യർഥിച്ചാൽ തട്ടിപ്പിന്റെ അടയാളമായി കണക്കാക്കാമെന്ന് വിദഗ്ധർ പറയുന്നു.
ആവശ്യപ്പെടാത്ത ജോലി വാഗ്ദാനങ്ങൾ- സമൂഹമാധ്യമങ്ങൾ, മൊബൈൽഫോൺ മെസേജുകൾ എന്നിവയൊക്കെ വഴി ആവശ്യപ്പെടാതെ തന്നെ എത്തുന്ന ജോലി വാഗ്ദാനങ്ങൾ തട്ടിപ്പുകളാകാം. നിയമാനുസൃത തൊഴിലുടമകൾ അവരുടെ കമ്പനി വെബ്സൈറ്റുകളിലോ അംഗീകൃത മാധ്യമങ്ങളിലൂടെയോ ആയിരിക്കും തൊഴിൽ അവസരങ്ങൾ പ്രസിദ്ധീകരിക്കുക.കൃത്യമായ ഓഫിസോ ഓൺലൈൻ സംവിധാനങ്ങളോ ഇല്ലാത്ത കമ്പനികളിൽനിന്നുള്ള ജോലി ഓഫറുകളിൽ ജാഗ്രത വേണം. നിയമാനുസൃത കമ്പനികൾക്ക് ഒരു വെബ്സൈറ്റ്, ഫോൺ നമ്പർ, ഭൗതിക വിലാസം എന്നിവയുണ്ട്.
ആശയവിനിമയത്തിലെ അവ്യക്തത- തൊഴിൽ വാഗ്ദാനം ചെയ്യുന്നവരിൽനിന്ന് ലഭിക്കുന്ന ആശയവിനിമയത്തിൽ അവ്യക്തതയുണ്ടെങ്കിൽ തട്ടിപ്പ് സാധ്യത കാണണം. അംഗീകൃത തൊഴിലുടമകൾ പ്രഫഷനൽ സമീപനം പുലർത്തുന്നവരും ആശയവിനിമയത്തിൽ കൃത്യതയുള്ളവരുമായിരിക്കും.ഓൺലൈനുകളിലൂടെ വരുന്ന വാഗ്ദാനങ്ങൾ- മോശം വ്യാകരണവും അക്ഷര വിന്യാസവുമുള്ള മെസേജുകളും ഇ-മെയിലുകളും തള്ളിക്കളയുക.
അഭിമുഖമില്ലാതെയുള്ള ജോലി ഓഫറുകൾ- അഭിമുഖമില്ലാതെ ഒരു ജോലി വാഗ്ദാനം ചെയ്താൽ അത് തട്ടിപ്പാണെന്ന് കരുതാം. നിയമാനുസൃത തൊഴിൽദാതാക്കൾ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് മുമ്പ് അഭിമുഖം നടത്തും. ആവശ്യമെങ്കിൽ എഴുത്തുപരീക്ഷയും ഗ്രൂപ് ഡിസ്കഷനുമടക്കമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.