ദുരിതജീവിതത്തിന് അറുതി: ജാനകിയും കുടുംബവും പീസ്വാലി തണലിൽ
text_fieldsകോതമംഗലം: ദുരിതങ്ങൾ പെയ്ത ഊരിൽനിന്ന് ജാനകിയും കുടുംബവും സമാധാനത്തിെൻറ താഴ്വരയിലേക്ക്. മലയാറ്റൂർ വനമേഖലയിലെ പൊങ്ങൻചുവട് ആദിവാസി ഊരിലെ മലമുകളിലെ ഷീറ്റ് മേഞ്ഞ വീട്ടിലെ ജാനകിയുടെയും കുടുംബത്തിെൻറയും ദയനീയാവസ്ഥ ആരുടെയും കണ്ണുനനയിക്കും. ഇടമലയാർ ഡാമിെൻറ വൃഷ്ടിപ്രദേശങ്ങൾ കടന്ന് വനത്തിലൂടെ ഒരുമണിക്കൂർ സഞ്ചരിച്ചാൽ പൊങ്ങൻചുവട് ആദിവാസി കോളനിയിൽ എത്താം. ജാനകിയും 32കാരി മകൾ രമണിയും നാലുവയസ്സുള്ള ചെറുമകൻ ടിപ്പുവുമാണ് ഈ വീട്ടിൽ കഴിയുന്നത്. ടിപ്പുവിന് ജന്മന കാഴ്ചശക്തിയില്ല. ഒപ്പം പോഷകാഹാരക്കുറവ്, അനീമിയ, സ്കോളിയോസിസ് എന്നിങ്ങനെ ഒരുപിടി രോഗാവസ്ഥകളും. തലച്ചോറിെൻറ വികാസത്തെ പോഷകാഹാരക്കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. ടിപ്പുവിെൻറ അമ്മ രമണി തീവ്രമായ മാനസിക വെല്ലുവിളി നേരിടുന്ന അവസ്ഥയിലാണ്.
പണിക്ക് പോകുമ്പോഴും ടിപ്പുവിനെ രമണിയെ ഏൽപിക്കാൻ കഴിയില്ല. അതുകൊണ്ട് തോളിൽ മാറാപ്പ് കെട്ടി ടിപ്പുവിനെ അതിൽകിടത്തി പണിസ്ഥലത്ത് കൊണ്ടുപോയി മരച്ചുവട്ടിൽ കിടത്തിയാണ് ജോലിയെടുക്കുക. കൃത്യമായി മരുന്നും പോഷകാഹാരവും കൊടുത്താൽ ടിപ്പുവിെൻറ അവസ്ഥക്ക് ഏറെ മാറ്റമുണ്ടാകും. രമണിയുടെ ഉന്മാദാവസ്ഥക്കും ശമനമുണ്ടാകും. താനൊന്നു വീണുപോയാൽ മകളുടെയും ടിപ്പുവിെൻറയും കാര്യം എന്താകുമെന്ന് ജാനകിക്ക് ഓർക്കാനേ വയ്യ. ഈ കുടുംബത്തിെൻറ ദുരവസ്ഥ വേങ്ങൂർ ഗ്രാമപഞ്ചായത്ത് അധികൃതരും ബ്ലോക്ക് റിസോഴ്സ് സെൻററിലെ അധ്യാപകരുമാണ് പീസ്വാലിയുടെ ശ്രദ്ധയിലെത്തിച്ചത്. തുടർന്ന് മലയാറ്റൂർ ഡി.എഫ്.ഒ രവികുമാർ മീണയുടെ അനുവാദത്തോടെ ഡോക്ടർ, നഴ്സ്, ആംബുലൻസ് അടക്കമുള്ള സജ്ജീകരണങ്ങളുമായി പീസ്വാലി പ്രവർത്തകർ ഊരിലെത്തി കുടുംബത്തെ ഏറ്റെടുത്തു.
പീസ്വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിൽ അഭയവും ആവശ്യമായ ചികിത്സയും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പീസ്വാലി ചെയർമാൻ പി.എം. അബൂബക്കർ, ഭാരവാഹികളായ കെ.എ. ഷെമീർ, കെ.എച്ച്. ഹമീദ്, എം.എം. ശംസുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.