മൂലമ്പിള്ളി പുനരധിവാസം നടപ്പാക്കിയിട്ടുമതി കെ-റെയിലിന് കല്ലിടൽ -മുഹമ്മദ് ഷിയാസ്
text_fieldsകൊച്ചി: 13 വർഷം മുമ്പ് കുടിയിറക്കിയ 316 കുടുംബത്തെ വഴിയാധാരമാക്കിയവർ വീണ്ടും മറ്റൊരു പദ്ധതിയുമായി പാവപ്പെട്ട ജനങ്ങളെ കുടിയിറക്കാൻ വന്നാൽ അനുവദിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പിണറായി വിജയനും സി.പി.എമ്മിനും ലാവലിൻ മോഡൽ കമീഷനടിക്കാൻ സാധാരണക്കാരുടെ വീടും സ്ഥലവും ബലം പ്രയോഗിച്ച് ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ല. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ കെ-റെയിൽ വിശദീകരണ യോഗത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷിയാസ്.
സർവേക്കല്ല് പിഴുതാൽ കെ-റെയിൽ ഇല്ലാതാവില്ലെന്ന കോടിയേരിയുടെ പ്രതികരണം തമാശയാണ്. മുഖ്യമന്ത്രി പറഞ്ഞതുതന്നെയാണ് ഞങ്ങൾ തിരിച്ചും പറയുന്നത്, പിടിവാശി കാട്ടിയാൽ വഴങ്ങില്ല. വല്ലാർപാടം പദ്ധതിക്കുവേണ്ടി ഏഴ് വില്ലേജിൽനിന്ന് കുടിയിറക്കപ്പെട്ട 316 കുടുംബത്തിൽ 56 പേർക്ക് മാത്രമാണ് പുനരധിവാസം സാധ്യമായത്. ആനുകൂല്യം കിട്ടാതെ 32 പേർ മരിച്ചു. പുനരധിവാസത്തിന് കൈമാറിയ ഏഴ് സൈറ്റിൽ വടുതല സൈറ്റ് മാത്രമാണ് വാസയോഗ്യമായത്. വാസയോഗ്യമായ ഭൂമി ലഭ്യമാക്കും വരെ 5000 രൂപ വീതം മാസവാടക നൽകണമെന്ന ഹൈകോടതി ഉത്തരവുപോലും ലംഘിച്ച സർക്കാറാണിത്. ഇനി ഒരുകുടുംബത്തെയും ജില്ലയിൽ കുടിയിറക്കാൻ അനുവദിക്കില്ലെന്നും ഷിയാസ് പറഞ്ഞു.
മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം
കൊച്ചി: കെ-റെയിൽ നടപ്പാക്കുമെന്ന ദുശ്ശാഠ്യത്തില്നിന്ന് മുഖ്യമന്ത്രി പിന്തിരിയണമന്ന് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വിളിച്ച കൊച്ചിയിലെ സാമൂഹിക സംഘടന നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. പദ്ധതി ജനഹിതത്തിന് അനുകൂലമാണോയെന്ന് അന്വേഷിക്കാനാണ് മുഖ്യമന്ത്രി തയാറാകേണ്ടത്. അല്ലാതെ ജില്ലകള്‍തോറും സമ്മേളനങ്ങള്‍ വിളിച്ച് എന്തുവിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന ദുര്‍വാശി പ്രഖ്യാപിക്കുകയല്ല വേണ്ടത്. കൊച്ചിയിലെ മുഖ്യമന്ത്രിയുടെ വിശദീകരണ സമ്മേളനത്തില്‍ സാമൂഹിക-മനുഷ്യാവകാശ സംഘടനകളെ പങ്കെടുപ്പിച്ചില്ല.പദ്ധതി സംബന്ധിച്ച് ബോധവത്കരണ പരിപാടികള്‍ നടപ്പാക്കാനും സമര പരമ്പരകള്‍ ആരംഭിക്കാനും നേതൃയോഗം തീരുമാനിച്ചു. ഇതിനായി എറണാകുളം ഗാന്ധിസ്ക്വയറില്‍ 16ന് കണ്വെന്ഷന് വിളിച്ചുചേര്‍ക്കും. ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ കലക്ടിവ് ജനറല്‍ സെക്രട്ടറി വി.എം. മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തി. പി.എ. പ്രേം ബാബു, കെ.പി. സേതുനാഥ്, ഡോ. ബാബു ജോസഫ്, സുനില്‍കുമാര്‍, കെ.ഡി. മാര്ട്ടിന്, ആദം അയ്യൂബ് എന്നിവര്‍ സംസാരിച്ചു.
സമരം ശക്തമാക്കാൻ ഡി.സി.സി തീരുമാനം
കൊച്ചി: കെ-റെയിൽ പദ്ധതിക്കെതിരെ സമരം ശക്തമാക്കാൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വെല്ലുവിളിക്കും ഭീഷണിക്കും മുന്നിൽ മുട്ടുമടക്കേണ്ടതില്ലെന്നും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് തടയാൻ ഏതറ്റം വരെയും പോകാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മൂലമ്പിള്ളി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കാനും ശക്തമായ പ്രക്ഷോഭവും ജനകീയ സദസ്സുകളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
കെ. ബാബു, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, എൻ. അശോകൻ, ദീപ്തി മേരി വർഗീസ്, കെ.പി. ധനപാലൻ, ജയ്സൺ ജോസഫ്, ജോസഫ് വാഴക്കൻ, ടോണി ചമ്മിണി, മുഹമ്മദ് കുട്ടി മാസ്റ്റർ, പി.ഡി. മാർട്ടിൻ, കെ.പി. ബേബി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.