അസം സ്വദേശിയുടെ മാസംതികയാതെ പിറന്ന കുഞ്ഞിന് ആശ്രയമായി എറണാകുളം ജനറൽ ആശുപത്രി
text_fieldsകൊച്ചി: 28ാം ആഴ്ചയിൽ പിറന്നപ്പോൾ അസം സ്വദേശികളായ ദിയുജിയുെടയും ഉദയിെൻറയും 750 ഗ്രാം മാത്രം തൂക്കമുമണ്ടായിരുന്ന കുഞ്ഞിന് ശ്വാസോച്ഛാസവും നിലതെറ്റിയതായിരുന്നു. നെഞ്ചിടിപ്പ് ഇരട്ടിയായ രാത്രിയിൽ മൂന്നാറിലെ ടാറ്റാ ആശുപത്രിയിൽനിന്ന് പൊന്നുമോളെയും പ്രിയതമയെയുംകൊണ്ട് പായുകയായിരുന്നു ആ പിതാവും ആരോഗ്യപ്രവർത്തകരും.
ഒടുവിൽ എറണാകുളം ജനറൽ ആശുപത്രിയുടെ പടികടന്നെത്തുേമ്പാൾ ആത്മവിശ്വാസത്തിെൻറ നിറപുഞ്ചിരിയുമായി അവരെ സ്വീകരിക്കാൻ കുട്ടികളുടെ വിഭാഗം മേധാവി ഡോ. അനിൽകുമാർ, ഡോ. എം.എസ്. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തയാറായിനിന്നു. ആഴ്ചകൾ നീണ്ട ചിട്ടയായ പരിചരണവും കരുതലും കുഞ്ഞിെൻറ ആരോഗ്യത്തിന് കൈത്താങ്ങായി. ഞായറാഴ്ച 1.010 കിലോയായി തൂക്കംവർധിച്ച കുഞ്ഞുമായി മൂന്നാറിലേക്ക് മടങ്ങുമ്പോൾ ടാറ്റാ ടീ എസ്റ്റേറ്റിലെ താൽക്കാലിക തൊഴിലാളി ഉദയിക്ക് ചേർത്തുപിടിച്ചവരോട് പറയാനുള്ളത് മനസ്സ് നിറഞ്ഞ നന്ദിയായിരുന്നു.
മൂന്നാർ ടാറ്റാ ആശുപത്രിയിൽ ഒക്ടോബർ രണ്ടിന് പുലർച്ച 2.56നായിരുന്നു ദിയുജി കുമാരി പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിെൻറ അവസ്ഥ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സി പാപ് സംവിധാനത്തിെൻറ സഹായത്തോടെ കുഞ്ഞിെൻറ ശ്വാസോച്ഛാസം നിലനിർത്തി ആവശ്യമായ മരുന്നുകളും രക്തവും നൽകി അധികൃതർ കുഞ്ഞിെൻറ ജീവൻ നിലനിർത്തി. മുലപ്പാൽ ട്യൂബ് വഴി നൽകാനും ആരംഭിച്ചു.
ഇതിനിടെയാണ് കുഞ്ഞിെൻറ അച്ഛൻ ഉദയ് കൈയിൽ പണമില്ലാതെ ഭക്ഷണം കഴിക്കാൻപോലും ബുദ്ധിമുട്ടുകയാണെന്ന കാര്യം ഡോ. നൗഷാദ് അറിയുന്നത്. ഉടൻ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് ദൈനംദിന ചെലവിനുള്ള സഹായം നൽകി. കുഞ്ഞിെൻറ ആരോഗ്യനില തൃപ്തികരമായതോടെ നാഷനൽ റൂറൽ െഹൽത്ത് മിഷൻ മുഖാന്തരം എൻ.ഐ.സി.യു ആംബുലൻസിൽ സൗജന്യമായി ഇവരെ ടാറ്റാ ആശുപത്രിയിലേക്ക് മടക്കി അയക്കുകയായിരുന്നു.
കുഞ്ഞിന് ആറാഴ്ചകൂടി എൻ.ഐ.സി.യുവിൽ തുടരേണ്ടതുണ്ട്. ആശുപത്രി സൂപ്രണ്ട് എ. അനിത, ജൂനിയർ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ നിശ്ചയദാർഢ്യവും സമർപ്പണ മനോഭാവവുമാണ് കുഞ്ഞിനെ ആരോഗ്യത്തോടെ മടക്കാൻ സഹായിച്ചതെന്ന് ഡോ. നൗഷാദ് 'മാധ്യമ'ത്തോട് പറഞ്ഞു. മുമ്പും സമാനമായ നിരവധി ഇടപെടലുകൾ നടത്തി ജനറൽ ആശുപത്രി കുഞ്ഞുങ്ങൾക്ക് കൈത്താങ്ങായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.