കഷ്ടതകളിൽ വീർപ്പുമുട്ടി എറണാകുളം മെഡിക്കൽ കോളജ്
text_fieldsകൊച്ചി: പ്രവർത്തനം തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ബാലാരിഷ്ടതകളിൽ നിരങ്ങി എറണാകുളം മെഡിക്കൽ കോളജ്. എറണാകുളം മെഡിക്കൽ കോളജ് മികച്ച രീതിയിൽ മുന്നോട്ടുപോവരുതെന്ന കാര്യത്തിൽ ആർക്കാണിത്ര നിർബന്ധമെന്നാണ് ഇവിടെയെത്തുന്ന സാധാരണക്കാരുടെ ചോദ്യം.
അഭ്യുദയകാംക്ഷികളും സംഘടനകളും പലതവണ ബന്ധപ്പെട്ടവർക്ക് മുന്നിൽ കാര്യമുന്നയിച്ചിട്ടും ഫലപ്രദമായ നടപടികളൊന്നുമുണ്ടായില്ലെന്ന് പരാതിയുണ്ട്.
ആവശ്യത്തിന് പി.ജി കോഴ്സുകളില്ലാത്തതാണ് സ്ഥാപനത്തിന്റെ വളർച്ചയെ പിന്നോട്ടടിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. 1999ൽ പ്രവർത്തനമാരംഭിച്ച മെഡിക്കൽ കോളജിൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, റേഡിയോളജി, അനസ്തേഷ്യോളജി തുടങ്ങിയ വിഭാഗങ്ങളിലൊന്നും പി.ജിയില്ല.
ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, മൈക്രോബയോളജി, പാത്തോളജി, സൈക്യാട്രി എന്നിവയിലാണ് പി.ജി ഉള്ളത്. മറ്റു ഗവ.മെഡിക്കൽ കോളജുകളിലെല്ലാം പി.ജി വിദ്യാർഥികളെ അത്യാഹിത വിഭാഗം, രോഗീപരിചരണം, തുടങ്ങിയ ഇടങ്ങളിലെല്ലാം നിയോഗിക്കുമ്പോൾ ഇവിടെ വേണ്ടത്ര പി.ജിക്കാരില്ലാത്തതിനാൽ കടുത്ത പ്രതിസന്ധിയാണ്. ആവശ്യത്തിന് പി.ജി കോഴ്സുകൾ അനുവദിക്കുന്നതിനായി നാഷനൽ മെഡിക്കൽ കമീഷന് അപേക്ഷ സമർപ്പിക്കണമെന്ന് പലതവണ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെൻറ് ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമായില്ല. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞു.
കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനത്തെ കുറിച്ചും പരാതിയേറെ. എമർജൻസി ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമല്ല.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം ഇഴഞ്ഞ് നീങ്ങുന്നതും സ്ഥാപനത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണ്. ജില്ലയിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിനാളുകൾ നിത്യേന ആശ്രയിക്കുന്ന ആശുപത്രിയുടെ വളർച്ചക്കാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പലതവണ ആരോഗ്യമന്ത്രിക്കുൾപ്പെടെ നിവേദനമായി സമർപ്പിച്ചിട്ടും നടപടിയൊന്നുമില്ലെന്ന് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മൂവ്മെന്റ് ഭാരവാഹികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.