മനുഷ്യനിർമിത മണ്ണുമല അപകടഭീഷണിയിൽ
text_fieldsപട്ടിമറ്റം: മനുഷ്യനിർമിത മണ്ണുമലയായ കോട്ടമല ഉയർത്തുന്ന അപകടസാധ്യതകൾ നേരിട്ടറിയാൻ കുന്നത്തുനാട് തഹസിൽദാർ താജുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി.
നിലവിൽ മതിൽ ഇടിഞ്ഞുവീണതുമായി ബന്ധപ്പെട്ട് നടക്കുന്ന മുഴുവൻ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ തഹസിൽദാർ നിർദേശിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് തഹസിൽദാറുടെ ചേമ്പറിൽ സ്ഥല ഉടമയും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷം തുടർനടപടികൾ തീരുമാനിക്കും. സംഭവം സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു.
മേയ് 29ന് കനത്ത മഴയിലാണ് കോട്ടമലയുടെ പിൻഭാഗത്തെ മതിലും പി.പി റോഡിൽനിന്ന് പഴന്തോട്ടം കനാൽ ബണ്ട് റോഡിലേക്ക് പോകുന്ന പൊതുവഴിയുടെ ഭാഗത്തെ മതിലും ഇടിഞ്ഞത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ഇതുവഴിയുള്ള യാത്ര പൂർണമായും തടഞ്ഞിരുന്നു. ഇതോടെ രണ്ടുകിലോമീറ്റർ കൂടുതൽ യാത്ര ചെയ്താൽ മാത്രമേ പ്രധാന റോഡിലേക്കെത്താനാകുമായിരുന്നുള്ളൂ. ഇത് നാട്ടുകാർക്കിടയിൽ കനത്ത പ്രതിഷേധത്തിന് കാരണമായി. കോട്ടമലയുടെ ഏറ്റവും ഉയർന്ന ഭാഗത്തുനിന്നുള്ള മണ്ണ് അനധികൃതമായി എടുത്ത് താഴ്ന്ന പ്രദേശം നികത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.
നികത്തിയ സ്ഥലത്തിന് ചുറ്റും കോൺക്രീറ്റിൽ നിർമിച്ച മതിലാണ് ഇടിഞ്ഞത്. 200 മീറ്ററോളം ദൂരത്തിൽ ഇടിഞ്ഞ മതിലിന്റെ ഒരുഭാഗം വീണത് എമ്പ്രാമഠത്തിൽ കൃഷ്ണകുമാറിന്റെ വീട്ടിലേക്കാണ്. ഒച്ചകേട്ട് വീട്ടുകാർ ഇറങ്ങി ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇവരുടെ വീടിന് സമീപമുള്ള മണ്ണിൽ ഒരുഭാഗം ജെ.സി.ബി ഉപയോഗിച്ച് കോരിമാറ്റി വൻ കൂനയായി സമീപത്തുതന്നെ കൂട്ടിയിരിക്കുകയാണ്. കോട്ടമലയിൽ അവശേഷിക്കുന്ന മണ്ണ് സമീപത്തെ 25ലധികം കുടുംബങ്ങളുടെ ജീവന് ഭീഷണിയായി തുടരുകയാണ്.
തെളിവെടുപ്പ് സംഘത്തിൽ കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ, വില്ലേജ് ഓഫിസർ എം.എച്ച്. ജയൻ, പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ, പഞ്ചായത്ത് അംഗം പി.ടി. വിജി എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.