അഴിമുഖത്തെ ചാള ചാകര പ്രജനനം വർധിച്ചതാകാമെന്ന് വിദഗ്ധർ
text_fieldsമട്ടാഞ്ചേരി: രണ്ട് ദിവസങ്ങളിൽ കൊച്ചി തീരത്ത് കണ്ട മത്തി ചാകര പ്രജനനം വർധിച്ചതിനാലാണെന്ന് സമുദ്ര ഗവേഷണ വിദഗ്ധർ. ഇതൊരു സാധാരണപ്രക്രിയ മാത്രമാണെന്നും ചാളയുടെ പ്രജനനത്തോത് വർധിച്ചതാണ് കാരണമെന്നും ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു. ചാളയുടെ ഉൽപാദനം വലിയതോതിൽ വർധിച്ചതും വേണ്ട വിധം ഭക്ഷണം കുറയുകയും ചെയ്ത സാഹചര്യത്തിലാകാം ഇവ കായലിനോട് ചേർന്ന അഴിമുഖത്തേക്ക് എത്തിയതെന്നാണ് വിലയിരുത്തൽ. കടലിലെയും കായലിലെയും ജലസാന്ദ്രതയും ലാവണാംശവും ഒരുപോലെയായ സാഹചര്യവും ഇവ കൂട്ടമായി തീരത്തെത്താൻ കാരണമായി. കടലിന്റെ അടിത്തട്ടിനോട് ചേർന്ന മണൽപരപ്പിലാണ് മത്തിയുടെ ആവാസം. ഇതിൽ വന്ന മാറ്റവും ഇത്തരം പ്രതിഭാസത്തിന് കാരണമായിട്ടുണ്ടാകാമെന്നും മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഡ്രഡ്ജിങ്ങും ജലയാനങ്ങളുടെ എണ്ണത്തിലുണ്ടായ വർധന, പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിനടിയിൽ നിറയുന്നത് എന്നിവയും കാരണമായിട്ടുണ്ടാകാം. 40 വർഷം മുമ്പ് അഷ്ടമുടി കായലിലും ശംഖുമുഖം കടപ്പുറത്തും ഇത്തരം പ്രതിഭാസമുണ്ടായിട്ടുള്ളതായി മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു. 20 കൊല്ലം മുമ്പ് കുമ്പളങ്ങി ഉൾനാടൻ ജലാശയങ്ങളിലും വൻതോതിൽ ചാള ലഭിച്ചതായും മുതിർന്നവർ പറയുന്നു. അന്നെല്ലാം ചാളയുടെ പ്രജനനം വൻതോതിൽ വർധിച്ചതാണ് കാരണം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ഫോർട്ട്കൊച്ചി, വൈപ്പിൻ തീരങ്ങളിൽ ചാള ചാകരയെത്തിയത്. തീരത്ത് തിരയിലിറങ്ങിയവരാണ് കാലിനുചുറ്റും ചാളക്കൂട്ടം കണ്ട് അമ്പരന്നത്. 200 ഗ്രാം മുതൽ 400 ഗ്രാം വരെ തൂക്കമുള്ള ചാളകളാണ് ചാകരയായെത്തിയത്. ഇതിനൊപ്പം ചെറുമത്സ്യങ്ങളും ഉണ്ടായിരുന്നു. 30 ടണ്ണിലെറെ ചാള തീരത്തെത്തിയെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.