കാലാവധി കഴിഞ്ഞ ആട്ടയും നിറംചേർത്ത അരിയും സപ്ലൈകോ വീണ്ടും വിവാദത്തിൽ
text_fieldsമട്ടാഞ്ചേരി: റേഷൻ വിതരണത്തിന് കാലവധി കഴിഞ്ഞ ആട്ടയും നിറംചേർത്ത അരിയുമെത്തിയ പരാതിക്ക് പിറകെ സപ്ലൈകോ വീണ്ടും വിവാദത്തിൽ.
കോവിഡ് കാലത്തെ സൗജന്യ കിറ്റിലെ വെളിച്ചെണ്ണ കാണാതായതും റേഷൻ അരിയുടെ കുറവും സംബന്ധിച്ച നടപടിക്ക് പിറകെയാണ് പുതിയ വിവാദം. കളർ ചേർത്ത അരി വിതരണം ചെയ്തതായ വാർത്തയെ തുടർന്ന് റേഷൻ കടകളിൽനിന്ന് ഫുഡ് സേഫ്റ്റി-സപ്ലൈകോ അധികൃതർ സാംപിൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. കളർ അരി വിതരണം ചെയ്തതെന്ന് തെളിഞ്ഞാൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പറയുന്നത്. തൊട്ടുപിറകെയാണ് ആട്ട വിവാദവുമുയരുന്നത്.
ഏപ്രിൽ ,മേയ് മാസങ്ങളിൽ കൊച്ചി സപ്ലൈകോയിൽനിന്ന് റേഷൻ കടകളിൽ വിതരണത്തിന് നൽകിയ ആട്ട കാലാവധി കഴിഞ്ഞതാണെന്നതാണ് പരാതി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പാക്ക് ചെയ്ത ആട്ടയാണ് കടകളിൽ വിതരണം ചെയ്തത്. രണ്ടുമാസമാണ് ആട്ടയുടെ കാലാവധി. ഗോഡൗണിലുള്ള സ്റ്റോക്കും കാലാവധി കഴിഞ്ഞതിനാൽ പിങ്ക് കാർഡുകൾക്ക് മേയ് മാസത്തെ ആട്ട ലഭ്യത ഉറപ്പാക്കാനാകില്ല.
കൊച്ചിയിലെ ഒട്ടേറെ റേഷൻ കടകളിൽ വിതരണത്തിന് കാലാവധി കഴിഞ്ഞ ആട്ടയാണുള്ളത്. പലകടകളിലും 150-300 പാക്കറ്റ് ആട്ടവരെയാണ് വിതരണം ചെയ്യാൻ സാധിക്കാതെ കിടക്കുന്നത്. ഇതോടെ റേഷൻ കാർഡുടമകളും കടയുടമകളുമായി തർക്കങ്ങളും നടക്കുന്നു. കാലാവധി കഴിഞ്ഞ ആട്ട തിരിച്ചെടുക്കുന്നതിൽ സപ്ലൈകോ അധികൃതർ ഉറപ്പുനൽകാത്തത് അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി റേഷൻ കടയുടമകൾ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 3000 ത്തോളം ആട്ട പാക്കറ്റുകളാണ് കൊച്ചിയിൽ കെട്ടിക്കിടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.