ഓട്ടത്തിനിടെ സ്കൂൾ ബസിന്റെ ചക്രം ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
text_fieldsചെങ്ങമനാട്: ഓട്ടത്തിനിടെ സ്കൂൾ ബസിന്റെ ചക്രം ഊരിത്തെറിച്ചെങ്കിലും വേഗത കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. അത്താണി- പറവൂർ റോഡിൽ ചെങ്ങമനാട് പുത്തൻതോട് ഗ്യാസ് വളവിൽ ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം.ആലുവ ക്രസന്റ് സ്കൂൾ ബസിന്റെ മുന്നിലെ വലതുവശത്തെ ടയറാണ് ഊരിപ്പോയത്.
ഊരിത്തെറിച്ച ടയർ വലതുവശത്തെ തേയ്ക്കാനത്ത് ജോണിയുടെ മതിലിൽ ഇടിച്ചാണ് നിന്നത്. ടയർ ഊരിപ്പോയതോടെ ബസിന്റെ മുൻവശം നിലം പൊത്തുകയായിരുന്നു. അതോടെ ബസിലുണ്ടായിരുന്ന വിദ്യാർഥികളും ജീവനക്കാരുമടക്കം ഒമ്പതുപേർ ബസിനകത്ത് വലതുവശത്തേക്ക് വീണെങ്കിലും പരിക്കുണ്ടായില്ല.
പുത്തൻതോട് വളവിലെ തെക്ക് ഭാഗത്ത് താമസിക്കുന്ന തേയ്ക്കാനത്ത് എസ്തപ്പാനോസിന്റെ മൃതദേഹം ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിക്കാൻ ആംബുലൻസിൽ കൊണ്ടുപോകുന്നതിന് പിറകെയായിരുന്നു സ്കൂൾ ബസ്. അതിനാൽ, വേഗത കുറവായിരുന്നു. വിദ്യാർഥികളെ മറ്റൊരു ബസിൽകയറ്റി അയച്ചു. കുപ്പിക്കഴുത്താകൃതിയിലുള്ള വളവിലായിരുന്നു അപകടം. അതിനാൽ മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.