മണ്ഡലം കമ്മിറ്റി യോഗത്തിലെ കൈയാങ്കളി; എട്ടുപേർക്ക് ഡി.സി.സി നോട്ടീസ് നൽകി
text_fieldsകടുങ്ങല്ലൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിലെ കൈയാങ്കളിക്കെതിരെ ഡി.സി.സി രംഗത്ത്. സംഘട്ടനവുമായി ബന്ധപ്പെട്ട് എട്ടുപേർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. വെള്ളിയാഴ്ച കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് സംഘട്ടനമുണ്ടായത്.
കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ യോഗത്തിലാണ് തർക്കം കൈയാങ്കളിയിലെത്തിയത്. കടുങ്ങല്ലൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റി ഭാരവാഹി, മണ്ഡലത്തിൽനിന്നുള്ള ബ്ലോക്ക് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. നാളുകളായി പുകഞ്ഞുനിൽക്കുന്ന ഗ്രൂപ് പോരാണ് കഴിഞ്ഞ ആഴ്ച കൈയാങ്കളിയിൽ കലാശിച്ചത്.
ബ്ലോക്ക്, മണ്ഡലം പുനഃസംഘടനയിൽ ഐ വിഭാഗം നൽകിയ പേരുകളിൽ ചിലരെ എ വിഭാഗം ഒഴിവാക്കിയതായാണ് ആക്ഷേപം. ക്രിമിനൽ കേസ് പ്രതികളെയും നിയമസഭ, പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് എതിരായി പ്രവർത്തിച്ചവരെയും എ വിഭാഗം ബ്ലോക്ക് ഭാരവാഹികളാക്കിയെന്ന് ഐ വിഭാഗം ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ബുധനാഴ്ച ഐ വിഭാഗം കോൺഗ്രസ് ഓഫിസിൽ നേതൃയോഗം ചേർന്ന് ഭാരവാഹി പട്ടികയിൽ അതൃപ്തി പ്രകടിപ്പിക്കുകയും കെ.പി.സി.സി, ഡി.സി.സി നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിനിടെ വെസ്റ്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് വെള്ളിയാഴ്ച നടത്തുന്നതിന് എ വിഭാഗം തീരുമാനമെടുത്തു. ഇതിൽ ഐ വിഭാഗം പ്രതിഷേധം അറിയിച്ചെങ്കിലും മറുവിഭാഗം പരിപാടിയുമായി മുന്നോട്ടുപോയി. യോഗത്തിലേക്ക് 50 ഐ വിഭാഗം നേതാക്കളെത്തി യോഗം മാറ്റിെവക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാറ്റാൻ തയാറെല്ലന്ന് എ വിഭാഗം അറിയിച്ചതോടെ ബഹളം ആരംഭിച്ചു. കസേരകൾ വലിച്ചെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തതോടെ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് എ വിഭാഗം ഇറങ്ങിപ്പോയി.
യോഗത്തിൽ പ്രശ്നങ്ങളുണ്ടാക്കിയതായി ആരോപിച്ച് ഇരുവിഭാഗവും ഉന്നത നേതൃത്വങ്ങൾക്ക് പരാതികൾ നൽകിയിരുന്നു.
ശ്രീകുമാർ മുല്ലേപ്പിള്ളി, സുരേഷ് മുട്ടത്തിൽ, സിജോ ജോസ്, മുഹമ്മദ് അൻവർ, ഫാസിൽ മൂത്തേടത്ത്, കെ.എ. ഹൈദ്രോസ്, ടി.എം. ഷബാബ്, ആദർശ് ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യം. സംഭവം അന്വേഷിക്കാൻ ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറി എം.ടി. ജയൻ എന്നിവരെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.