പറവൂർ സഹ. ബാങ്കിലെസാമ്പത്തിക ക്രമക്കേട്: 24 പേർക്കെതിരെ വിജിലൻസ് കേസ്
text_fieldsമൂവാറ്റുപുഴ/പറവൂർ: നോർത്ത് പറവൂർ സഹകരണ ബാങ്കിൽ ആദായ നികുതിയുടെ പേരിൽ നടന്ന കോടികളുടെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ സി.പി.എം പറവൂർ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 24 പേർക്കെതിരെ വിജിലൻസ് കേസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ് പ്രകാരം എറണാകുളം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ യൂനിറ്റാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പറവൂർ സ്വദേശി എൻ. മോഹനൻ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനുപുറമെ, ഷൈനജ സുധീർ കുമാർ എന്ന വ്യക്തിക്കായി നടത്തിയ വായ്പ തട്ടിപ്പിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.
ബാങ്ക് മുൻ പ്രസിഡന്റുമാരായ ടി.വി. നിധിൻ, എം.എ. വിദ്യാസാഗർ, ഇ.പി. ശശിധരൻ, കെ.എ. വിദ്യാനന്ദൻ, നിലവിലെ പ്രസിഡൻറ് സി.പി. ജിബു, സെക്രട്ടറി കെ.എസ്. ജയശ്രീ, മുൻ സെക്രട്ടറി പി. കൃഷ്ണകുമാർ എന്നിവരും 2014 മുതൽ നിലവിൽ ഭരണ സമിതി അംഗങ്ങളായിരുന്നവരുമടക്കം 24 പേർക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തത്. ഷൈനജ സുധീർ കുമാറിനെയും പ്രതിചേർത്തിട്ടുണ്ട്. ആദായനികുതി ഫയലിങ്ങിന് അഭിഭാഷകന് 1.42 കോടി രൂപ ഫീസായി നൽകിയതിലാണ് ക്രമക്കേട് നടന്നത്. ഭരണസമിതി തീരുമാനമില്ലാതെയും ആദായ നികുതി വ്യവഹാരങ്ങൾ അവസാനിപ്പിച്ചശേഷവും ലക്ഷങ്ങൾ ഫീസായി നൽകിയെന്നാണ് കണ്ടെത്തൽ. വിജിലൻസ് എറണാകുളം യൂനിറ്റ് ഡിവൈ.എസ്.പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി കേസെടുക്കാൻ നിർദേശിച്ചത്.
പ്രതിപ്പട്ടികയിലുള്ള ടി.വി. നിഥിൻ, കെ.എ. വിദ്യാനന്ദൻ, വി.എസ്. ഷഡാനന്ദൻ എന്നിവർ സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളാണ്. പതിറ്റാണ്ടുകളായി എൽ.ഡി.എഫ് ഭരിക്കുന്ന ബാങ്കിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് ഭരണസമിതിയിൽ നിന്നുപോലും പരാതി ഉയർന്നപ്പോൾ പാർട്ടി നിയോഗിച്ച മൂന്നംഗ അന്വേഷണ കമീഷനെ നിയോഗിച്ചു. എന്നാൽ, അന്വേഷണ റിപ്പോർട്ട് മൂന്നുവർഷമായിട്ടും പുറത്തുവന്നിട്ടില്ല. ക്രമക്കേട് കണ്ടെത്തിയ ഓഡിറ്റ് റിപ്പോർട്ടുകൾ റദ്ദാക്കാൻ സഹകരണ മന്ത്രി വി.എൻ. വാസവന് ഭരണസമിതി അപ്പീൽ നൽകിയെങ്കിലും മന്ത്രി പരിഗണിച്ചില്ല. ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടും തുടർനടപടി ഉണ്ടാകാതിരുന്നതിനാലാണ് എൻ. മോഹനൻ വിജിലൻസിനെ സമീപിച്ചത്. 60 ദിവസത്തിനകം അന്വേഷണത്തിന്റെ ആദ്യഘട്ട പുരോഗതി അറിയിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.