'പ്രതീക്ഷ'യോടെ ആദ്യ മറൈൻ ആംബുലൻസ്
text_fieldsകൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷാകവചമൊരുക്കുന്ന മൂന്ന് അത്യാധുനിക മറൈന്‍ ആംബുലന്‍സുകളില്‍ ആദ്യത്തേതായ 'പ്രതീക്ഷ'യുടെ ഫ്ലാഗ് ഓഫ് വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. മറൈന്‍ ആംബുലന്‍സ് എന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തമുഖത്ത് വെച്ചുതന്നെ ചികിത്സ ലഭ്യമാക്കാനാകുമെന്നതാണ് ഇതിെൻറ പ്രത്യേകത. മൂന്ന് മറൈന്‍ ആംബുലന്‍സുകളാണ് നിർമിക്കുന്നത്. ഒരു ബോട്ടിന് ആറുകോടി എട്ട് ലക്ഷം രൂപ വെച്ച് 18.24 കോടിയാണ് പദ്ധതിയുടെ മൊത്തം അടങ്കല്‍ തുക. ഓഖി ദുരിതാശ്വാസ പാക്കേജില്‍പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 7.14 കോടി, ഫിഷറീസ് വകുപ്പിെൻറ പ്ലാന്‍ ഫണ്ടില്‍നിന്ന് രണ്ടുകോടി ഇത്രയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്.
കൂടാതെ, ഒരു ആംബുലന്‍സിെൻറ നിര്‍മാണച്ചെലവ് പൂര്‍ണമായും ബി.പി.സി.എല്‍ ഏറ്റെടുത്തു. മറ്റൊന്നിെൻറ പകുതി ചെലവ് കൊച്ചിന് ഷിപ്യാര്ഡിെൻറ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മറ്റ് രണ്ട് ആംബുലന്‍സുകളായ പ്രത്യാശ, കാരുണ്യ എന്നിവ കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ നീരണിഞ്ഞു.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ് ഈ നൗകകൾ വെള്ളത്തിലിറക്കിയത്.ആപത്ത് വന്നാല്‍ ഉടനെത്താനും 10 പേര്‍ക്കുവരെ സ്പെഷല്‍ കെയര്‍ കൊടുക്കാന്‍ കഴിയുന്ന ക്രിട്ടിക്കല്‍ കെയര്‍ സംവിധാനവും ആംബുലന്‍സിലുണ്ട്.
ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, എസ്. ശർമ, കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, ബി.പി.സി.എൽ കൊച്ചിൻ റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടർ മുരളീമാധവൻ, കൊച്ചിൻ ഷിപ്യാർഡ് ഓപറേഷൻസ് ഡയറക്ടർ എൻ.വി. സുരേഷ് ബാബു, ഫിഷറീസ് അഡീഷനൽ ഡയറക്ടർ ആർ. സന്ധ്യ, ജോയൻറ് ഡയറക്ടര്‍മാരായ എന്‍.എസ്. ശ്രീലു, സാജു എം.എസ്, ഡെപ്യൂട്ടി ഡയറക്ടർമാരായ പി. മാജ ജോസ്, എം. താജുദ്ദീൻ, അനിൽകുമാർ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.