തുമ്പിച്ചാലിലെ മത്സ്യക്കുരുതി: കാരണം കക്കൂസ് മാലിന്യമെന്ന് പി.സി.ബി റിപ്പോർട്ട്
text_fieldsകീഴ്മാട്: ശുദ്ധജല തടാകമായ തുമ്പിച്ചാൽ ജലാശയത്തിലെ മത്സ്യക്കുരുതിക്ക് കാരണം കക്കൂസ് മാലിന്യമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) റിപ്പോർട്ട്. രാസമാലിന്യത്തിന്‍റെ സാന്നിധ്യം ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞമാസം 20നാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത്. വെള്ളത്തിന് കടുത്ത നിറവ്യത്യാസം ഉണ്ടാകുകയും ചെയ്തിരുന്നു.
കാരണം രാസമാലിന്യമാണെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. അതേസമയം ഉദ്യോഗസ്ഥരുടെ അന്വേഷണം പ്രഹസനമാണെന്ന് ആക്ഷേപം ഉയർന്നു. നാലാംമൈൽ ഭാഗത്തെ വ്യവസായ ശാലകളിൽ നിന്നുള്ള രാസമാലിന്യം ഒഴുകിയെത്തിയതാണ് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ ഇവരെ സംരക്ഷിക്കാനാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയത്ത് വെള്ളപ്പൊക്കത്തിന്‍റെ മറവിൽ വീണ്ടും തുമ്പിച്ചാലിലേക്ക് രാസമാലിന്യം ഒഴുക്കിയതായും ആരോപണമുണ്ട്. മഴക്കുശേഷം തുമ്പിച്ചാലിലെ താമരകളെല്ലാം ഉണങ്ങി കരിഞ്ഞ നിലയിലാണ്. കഴിഞ്ഞ മാസം മത്സ്യക്കുരുതിയുണ്ടായപ്പോഴും ഇത്തരത്തിൽ ധാരാളം താമരകൾ നശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.