റോ റോ വെസലുകളുടെ വഴിമുടക്കി മത്സ്യബന്ധന യാനങ്ങൾ, മേയർ നേരിട്ടെത്തി നിർദേശിച്ചിട്ടും മാറ്റമില്ല
text_fieldsമട്ടാഞ്ചേരി: അപകടസാധ്യത കണക്കിലെടുത്ത് ഫോർട്ട്കൊച്ചി റോ റോ ജെട്ടിയോട് ചേർന്ന് മത്സ്യബന്ധന യാനങ്ങൾ കെട്ടിയിടരുതെന്ന് മേയർ നേരിട്ടെത്തി നിർദേശിച്ചിട്ടും ഫലം കാണുന്നില്ല. ഫോർട്ട്കൊച്ചി ബോട്ട് ദുരന്ത വാർഷിക ദിനത്തിലാണ് മേയർ മത്സ്യത്തൊഴിലാളികളോട് യാനങ്ങൾക്ക് ഹാർബർ ഉണ്ടെന്നും അപകടസാധ്യത കണക്കിലെടുത്ത് റോ റോ ജെട്ടിയോട് ചേർന്ന് ഇവ കെട്ടിയിടരുതെന്നും നിർദേശിച്ചത്.എന്നാൽ, ഇപ്പോൾ റോ റോ ജെട്ടിയിൽ മാത്രമല്ല, സമീപത്തെ ടൂറിസ്റ്റ് ജെട്ടിയിലും കൂറ്റൻ വള്ളങ്ങളും മീൻപിടിത്ത ബോട്ടുകളും കെട്ടിയിടുകയാണ്. നൂറുകണക്കിന് യാത്രക്കാരുമായി അഴിമുഖം മുറിച്ചുകടക്കുന്ന റോ റോ വെസലുകൾക്ക് പലപ്പോഴും അഴിമുഖത്ത് നിയന്ത്രണങ്ങളില്ലാതെ കെട്ടിയിടുന്ന മത്സ്യ ബന്ധന യാനങ്ങൾ ഭീഷണിയാണ്.
കഴിഞ്ഞ ദിവസവും തലനാരിഴ വ്യത്യാസത്തിനാണ് ദുരന്തം ഒഴിവായത്. റോ റോ ജെട്ടിയോട് ചേർന്ന് മത്സ്യബന്ധന യാനങ്ങൾ കെട്ടുന്നതും ജെട്ടിയുടെ റാംപിൽ ലോറി കയറ്റി വലകളും മറ്റും കയറ്റി കൊണ്ടുപോകുന്നതുമൂലവും യാത്രക്കാരുമായി വരുന്ന റോ റോ വെസലുകൾക്ക് ജെട്ടിയിൽ അടുപ്പിക്കാനാകാതെ കാത്തുകിടക്കേണ്ടി വരുന്നുണ്ട്. ടൂറിസം മേഖല ഉണർന്നുതുടങ്ങിയതോടെ സഞ്ചാരികളുമായി വരുന്ന ബോട്ടുകൾക്ക് മത്സ്യബന്ധന ബോട്ടുകൾമൂലം അടുപ്പിക്കാനാവാത്ത അവസ്ഥയാണ്.
ജെട്ടിയോട് ചേർന്ന് വലകൾ തുന്നുന്നത് യാത്രക്കാർ തടഞ്ഞു വീഴുന്നതിനും ഇടയാക്കുന്നുണ്ട്. വെള്ളിയാഴ്ചയും ഒരു സ്ത്രീ വീണ് പരിക്കേറ്റിരുന്നു. ഫോർട്ട്കൊച്ചി കൽവത്തി മുതൽ തോപ്പുംപടി വരെയുള്ള തീരമേഖലയിൽ മത്സ്യബന്ധന യാനങ്ങൾ അടുപ്പിക്കുന്നതിന് സ്വകാര്യ ജെട്ടികളും ഹാർബറുകളും ഉെണ്ടന്നിരിക്കെയാണിത്. അനധികൃതമായ ഇത് പൊലീസും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അമിത വേഗത്തിൽ വന്ന മത്സ്യബന്ധന യാനം ഇടിച്ച് യാത്രബോട്ട് തകർന്ന് 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിെൻറ നടുക്കം ഇനിയും നാട്ടുകാരിൽനിന്ന് വിട്ടുമാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.