എക്കൽ നിറഞ്ഞ് കായലുകൾ; മീൻ പിടിക്കാൻ ഇടമില്ലാതെ തൊഴിലാളികൾ
text_fieldsപള്ളുരുത്തി: കായലുകളിൽ എക്കൽ നിറഞ്ഞതോടെ മീൻ പിടിക്കാൻ ഇടമില്ലാത്ത അവസ്ഥയിലാണ് മത്സ്യതൊഴിലാളികൾ. വേലിയേറ്റ സമയത്ത് പോലും മത്സ്യ ബന്ധനത്തിന് പ്രയാസം നേരിടുകയാണ്. വേലിയേറ്റ സമയത്ത് ചീനവലകൾ മിക്കതും കരയിലാവുന്ന അവസ്ഥയാണ്. വേലിയിറക്ക സമയത്ത് പോലും വലകൾ പൂർണമായും താഴ്ത്താൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. ചെറുവള്ളക്കാർ തുഴഞ്ഞുനീങ്ങുമ്പോൾ പലപ്പോഴും കായലിലടിഞ്ഞ എക്കലിൽ കുടുങ്ങുന്നതായും പരാതിയുണ്ട്. വീശു വലക്കാർ, കുറ്റി വലക്കാർ തുടങ്ങി വിവിധ രീതിയിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന മത്സ്യതൊഴിലാളികളും പ്രതിസന്ധി നേരിടുകയാണ്.
എക്കൽ അടിഞ്ഞതോടെ മത്സ്യസമ്പത്ത് കുറഞ്ഞതായും തൊഴിലാളികൾ പറയുന്നു. പതിവില്ലാത്തവിധം ചൂട് കൂടിയതും മത്സ്യലഭ്യതക്ക് ഭീഷണിയാണ്. മൂന്നു വർഷത്തോളമായി കായലിലെ എക്കൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും മത്സ്യതൊഴിലാളികളും പ്രതിഷേധ സമരങ്ങൾ നടത്തിയെങ്കിലും ഇതുവരെ അധികൃതർ കണ്ണുതുറന്നിട്ടില്ല. കായലുകളിൽ ഏക്കൽ അടിഞ്ഞതോടെ വേലിയേറ്റ സമയങ്ങളിൽ തീരത്തോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറുന്നതായും പരാതിയുണ്ട്. ഉപ്പുവെള്ളം കയറി വീടുകളുടെ മതിലുകൾ ദ്രവിക്കുന്നതിനൊപ്പം വൃക്ഷങ്ങൾ കരിഞ്ഞുണങ്ങുകയുമാണ്. വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുകയും ചെയ്യുന്നു. ഇനിയെങ്കിലും അധികൃതർ എക്കൽ മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.