നഗരത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കിത്തുടങ്ങി
text_fieldsമൂവാറ്റുപുഴ: നഗരത്തിൽ സ്ഥാപിച്ച വിവിധ പാർട്ടികളുടെ കൊടികൾ അടക്കം നീക്കിത്തുടങ്ങി. ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് നഗരസഭയുടെ നേതൃത്വത്തില്‍ നീക്കാൻ നടപടി.ഇത്തരം വസ്തുക്കള്‍ ഈ മാസം 16ന് മുമ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും മുനിസിപ്പല്‍ സെക്രട്ടറി ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. സമയപരിധി കഴിഞ്ഞിട്ടും നോട്ടീസ് കൈപ്പറ്റിയവര്‍ ഇവ നീക്കംചെയ്യാന്‍ തയാറാകാതെ വന്നതോടെയാണ് ചൊവ്വാഴ്ച മുനിസിപ്പല്‍ തൊഴിലാളികള്‍ രംഗത്തുവന്നത്.
മുനിസിപ്പല്‍ ഓഫിസിന് മുന്‍ഭാഗത്തായി ഗാന്ധി പ്രതിമക്ക് സമീപം സ്ഥാപിച്ചിരുന്ന സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ, ബി.ജെ.പി പാര്‍ട്ടികളുടെയും വിവിധ ട്രേഡ് യൂനിയന്‍, സര്‍വിസ് സംഘടനകളുടെയും കൊടിമരങ്ങള്‍ ആദ്യം നീക്കി. പിന്നീട് കച്ചേരിത്താഴം മുതല്‍ വാഴപ്പിള്ളി ചാരീസ് കവല വരെ എം.സി റോഡിന് ഇരുവശവും മീഡിയനുകളിലും സ്ഥാപിച്ചിരുന്ന കൊടിമരങ്ങള്‍, തോരണം, ബോര്‍ഡുകള്‍, കമാനങ്ങള്‍ എന്നിവയും നീക്കംചെയ്തു. ബുധനാഴ്ച മുതല്‍ കാവുങ്കര, ടി.ബി ജങ്ഷന്, വൺവേ, ചാലിക്കടവ്, കിഴക്കേകര, ലത ബസ്സ്റ്റാൻഡ്, പേട്ട, കെ.എസ്.ആര്.ടി.സി, മുറിക്കല്‍ ജങ്ഷന്, കാവുംപടി റോഡ് എന്നിവിടങ്ങളില്‍ നീക്കംചെയ്യല്‍ തുടരും. ഇതോടൊപ്പം നടപ്പാതകൾ ഉൾപ്പെടെയുള്ള കൈയേറ്റങ്ങളും നീക്കും.
കോടതി ഉത്തരവ് നടപ്പാക്കാന്‍ നേരത്തേ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. കാൽനടക്കാർക്കും വാഹന യാത്രികര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള എല്ലാ തടസ്സങ്ങളും വരുംദിവസങ്ങളില്‍ പൂര്‍ണമായും നീക്കംചെയ്യും. സ്വന്തം ഉത്തരവാദിത്തത്തില്‍ ഇത്തരം വസ്തുക്കൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു നോട്ടീസ് നൽകിയിട്ടും തയാറാകാതിരുന്നവര്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.
നഗരസഭ ചെയർമാൻ, സെക്രട്ടറി, പൊലീസ് ഉദ്യോഗസ്ഥർ, ദേശീയപാത ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് എൻജിനീയർ തുടങ്ങിയവർ അംഗങ്ങളായ മോണിറ്ററിങ് സമിതിയാണ് ഇതു സംബന്ധിച്ചു തീരുമാനം എടുക്കുക. നീക്കം ചെയ്തവ വീണ്ടും സ്ഥാപിച്ചാല്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു നിയമ നടപടികൾ സ്വീകരിക്കും. പുതിയ ബോർഡുകളും കൊടികളും മറ്റും സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.